മനാമ: കടുത്ത താപനിലയിൽ മാത്രമല്ല വൈദ്യുതി ബില്ലിലും ‘വിയർക്കുക’യാണ് ബഹ്റൈൻ പ്രവാസികൾ. സ്കൂൾ തുറക്കാറാകുന്ന സമയം ആയതു കൊണ്ട് തന്നെ വേനലവധി കഴിഞ്ഞ് മിക്ക പ്രവാസികളും മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ വർഷം മുതൽ വൈദ്യുതി, വെള്ളം സബ്സിഡികൾ നിർത്തലാക്കിയതോടെ ബഹ്റൈൻ പ്രവാസികൾക്ക് ഈ ഇനത്തിൽ മാത്രം ഭീമമായ തുകയാണ് ചെലവാക്കേണ്ടി വരുന്നത്.
ചൂട് കാലത്ത് ശീതീകരണ സംവിധാനങ്ങളും നിരന്തരമായി പ്രവർത്തിക്കേണ്ടി വരുന്നത് മൂലമാണ് അമിത ചാർജ് ഒടുക്കേണ്ടി വരുന്നത്. ഹോട്ടൽ ഭക്ഷണ വ്യവസായ മേഖലയിലും ചൂടുകാലം ഉണ്ടാക്കുന്ന സാമ്പത്തിക മാന്ദ്യം ചെറുതല്ല. ഭക്ഷണ ശാലകളിൽ പൊതുവെ വേനലവധിക്കാലം ആരംഭിക്കുന്നത് മുതൽ ഉപഭോക്താക്കൾ കുറവാണ്. എന്നാൽ അക്കാരണത്താൽ എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്നതിൽ കുറവ് വരുത്താനും സാധിക്കില്ല. വരുമാന നഷ്ടത്തോടൊപ്പം തന്നെ വൈദ്യുതി നിരക്കിലെ ഈ ഉയർച്ചയും വ്യാപാര മേഖലയിൽ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം പല ചെറുകിട ബിസിനസുകളെയും ബാധിക്കുന്നുണ്ട്.
മത്സ്യ മാംസങ്ങളും കുടിവെള്ളവും ജ്യൂസുകളും വിൽക്കപ്പെടുന്ന കോൾഡ് സ്റ്റോറുകളിൽ ഫ്രീസറുകൾക്കും ചൂടുകാലത്ത് കൂടിയ വൈദ്യുതിയാണ് വേണ്ടിവരുന്നത്. ശീതീകരണ സംവിധാനം പാളിയാൽ പച്ചക്കറികൾ അടക്കമുള്ളവ നശിച്ചുപോവുകയും ചെയ്യും.
ബഹ്റൈനിൽ വൈദ്യുതി നിരക്ക് ഗണ്യമായി വർധിച്ചതോടെ ‘വിത്ത് ഇലക്ട്രിസിറ്റി ‘ ഫ്ളാറ്റുകളോടാണ് താമസക്കാർക്ക് കൂടുതൽ ഇഷ്ടം. അത് കൊണ്ട് തന്നെ പല സ്വദേശി കെട്ടിട ഉടമകളും വാടകയ്ക്കു നൽകുന്ന ഫ്ളാറ്റുകൾക്ക് മുന്നിൽ(WITH EWA ) ‘വിത്ത് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ ‘ ബോർഡുകൾ തൂക്കിയിരിക്കുന്നത് കാണാം. സ്വദേശി പൗരന്മാർക്ക് വൈദ്യുതി നിരക്കിൽ സബ്സിഡി ലഭിക്കുന്നത് കാരണം അവരുടെ പേരിൽ തന്നെയുള്ള കെട്ടിടങ്ങളാണ് ഇത്തരത്തിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത്.
എന്നാൽ ഇത്തരം ഫ്ളാറ്റുകൾ വാടകയ്ക്ക് എടുക്കുന്നവർക്ക് (സ്വന്തം പേരിൽ അല്ലാതെ )രാജ്യത്തെ ഐ ഡി കാർഡുകൾ ലഭിക്കുവാൻ മുനിസിപ്പാലിറ്റിയിൽ നിന്നും പ്രത്യേകം അനുമതി അടക്കം ലഭിക്കേണ്ടതുണ്ട്. അത് അതാത് കെട്ടിട ഉടമകൾ ചെയ്തു കൊടുക്കണം. എന്നാൽ മുൻപ് ഐഡി കാർഡുകൾ എടുത്ത ശേഷം ഇങ്ങനെ കെട്ടിടം വാടകയ്ക്ക് എടുത്താണ് ഈ പ്രശ്നത്തെ മറികടക്കുന്നത്. നിയമപരമായി താമസക്കാർക്ക് അതേ കെട്ടിടത്തിന്റെ പേരിൽ തന്നെ കാർഡ് വേണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.കാരണം വിലാസത്തിലെ ബ്ലോക്ക് നമ്പർ പ്രകാരമാണ് അതാത് ഇടങ്ങളിലെ സർക്കാർ ഹെൽത്ത് സെന്ററുകളിൽ സൗജന്യ ചികിത്സയടക്കം ലഭിക്കുന്നത്. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ ‘വിത്ത് ഇലക്ട്രിസിറ്റി ‘ ഫ്ളാറ്റുകൾ ആണ് പ്രവാസികൾ പലരും അന്വേഷിക്കുന്നത്.