ദുബൈ: മാലിന്യ നിർമാർജന രംഗത്ത് നൂതന ആപ്ലിക്കേഷനുമായി എക്സ്പാൻഡ് നോർത്തേൺ സ്റ്റാറിൽ ശ്രദ്ധേയ സാന്നിധ്യമായി മലയാളി സ്റ്റാർട്ടപ്. ഖത്തറിൽ ബി.ബി.എ വിദ്യാർഥിയും മലയാളിയുമായ സൈദ് സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ‘ട്രാഷ് ഇ’ എന്ന പേരിൽ വേറിട്ട ആശയം അവതരിപ്പിച്ച് കൈയടി നേടുന്നത്. ലോകത്തെ ഏറ്റവും പ്രമുഖ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തുന്ന എക്സ്പാൻഡ് നോർത്തേൺ സ്റ്റാറിൽ അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഏക മലയാളി ടീം കൂടിയാണിവർ.
നിർമിതബുദ്ധി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കാമറ ഉപയോഗിച്ച് മാലിന്യം വേർതിരിക്കുന്ന ആപ്ലിക്കേഷനാണ് ‘ട്രാഷ് ഇ’. ഖത്തറിൽ ബി.ബി.എ വിദ്യാർഥികളായ വഖാസ് ബെഹ്സാദ്, മകായ്ല ഖാൻ, ആത്യ സൈദ്, തസ്നീം ബിൻ അസാദ് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. ഇന്റർനെറ്റ് ഓഫ് തിങ്സ് വിഭാഗത്തിലാണ് ഇവർ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്.
ഖത്തർ സർക്കാറിന്റെ പിന്തുണ ലഭിച്ച പദ്ധതിയിൽ നിക്ഷേപം നടത്താൻ പ്രമുഖർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സൈദ് സുബൈർ പറഞ്ഞു. ഒരു കൊട്ടയിൽ നിക്ഷേപിക്കുന്ന വിവിധ രൂപത്തിലുള്ള മാലിന്യങ്ങളെ എ.ഐ സഹായത്തോടെ തിരിച്ചറിഞ്ഞ് വ്യത്യസ്ത കൊട്ടകളിലേക്ക് മാറ്റാൻ സഹായിക്കുന്നതാണ് പദ്ധതി.











