തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ പ്രേംകുമാറിന് ചുമതല. താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് പ്രേംകുമാർ. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് ചുമതല നൽകിയത്. ലൈംഗിക ഉദ്ദേശത്തോടെ സംവിധായകൻ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് ബംഗാളി നടിയുടെ പരാതി. കേസിൽ രഞ്ജിത്ത് മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിൽ പ്രേംകുമാറിനെ ചുമതലയേൽപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വെളിപ്പെടുത്തലും മലയാളം സിനിമാ മേഖലയെ പിടിച്ചുകുലുക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്തുകൊണ്ടും ഡബ്ല്യൂസിസിയെ അഭിനന്ദിച്ചും പ്രേംകുമാർ രംഗത്തെത്തിയിരുന്നു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ‘പവർ ഗ്രൂപ്പി’നെക്കുറിച്ച് അറിയില്ലെന്നും പ്രേംകുമാർ പറഞ്ഞു. അധികാര കേന്ദ്രങ്ങൾ എവിടെയെങ്കിലും ഉണ്ടാകാം. ആരും തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നുമായിരുന്നു നടന്റെ പ്രതികരണം.
