ദോഹ: ഗുജറാത്തിലെ അന്താരാഷ്ട്ര ബിസിനസ് ഹബായ ഗിഫ്റ്റ് സിറ്റിയിൽ ആദ്യ ശാഖ ആരംഭിച്ച് ഖത്തർ നാഷനൽ ബാങ്ക്. മധ്യപൂർവേഷ്യൻ രാജ്യത്തുനിന്നുള്ള ആദ്യ ബാങ്ക് ആയാണ് ദോഹ ആസ്ഥാനമായ ക്യു.എൻ.ബിയുടെ ബ്രാഞ്ച് ഗുജറാത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്കും ചുവടുവെക്കുന്നത്. ശക്തമായ വളർച്ചയുടെ പാതയിലാണ് ഇന്ത്യൻ ബാങ്കിങ് മേഖലയെന്നും, ഗിഫ്റ്റ് സിറ്റി ബ്രാഞ്ചിലൂടെ ഇന്ത്യൻ കോർപറേറ്റുകളുടെ വളർച്ച പദ്ധതികളെ പിന്തുണക്കുന്നതിനായി ക്യു.എൻ.ബിയും ചുവടുവെക്കുകയാണെന്ന് ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല മുബാറക് അൽ ഖലീഫ പറഞ്ഞു. അഹ്മദാബാദിലെ ഗാന്ധിനഗറിലാണ് പ്രത്യേക സാമ്പത്തിക മേഖലയിൽ ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക് സിറ്റി എന്ന ഗിഫ്റ്റ് സിറ്റി ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് സ്മാർട്ട് സിറ്റിയെന്ന പേരും ഇതിനുണ്ട്.











