കുവൈത്ത് സിറ്റി : വ്യാജ വെബ്‌സൈറ്റുകളില്‍ ചതിക്കപ്പെടാതിരിക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം. സെര്‍ച്ച് എഞ്ചിനുകള്‍, സമൂഹമാധ്യമങ്ങള്‍ വഴി ഗതാഗത വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
സര്‍ക്കാരിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ സാഹേല്‍ മുഖേനയാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ ഡിസ്‌കൗണ്ട് ഉണ്ടെന്ന് തരത്തിലായിരുന്നു സന്ദേശം. ഇത്തരം പ്രചരണങ്ങളില്‍ ആരും വീഴരുത്. ഇത്, നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കും. പൊതുജനങ്ങള്‍ സര്‍ക്കാരിന്റെ സേവനങ്ങള്‍ക്ക് സാഹേല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുക. സംശയാസ്പദമായ ലിങ്കുകള്‍ ഒഴിവാക്കുക. വെബ്‌സൈറ്റുകള്‍ കൃത്യമായി മനസ്സിലാക്കി ഉപയോഗിക്കുക. അതുപോലെ, ബാങ്ക് രേഖകള്‍ വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളില്‍ പങ്ക് വയ്ക്കാതിരിക്കുക.
ആറുമാസത്തിന് ഉള്ളില്‍ കാലാവധി കഴിയുന്ന ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കുന്നു എന്നും പ്രചരിപ്പിച്ചിരുന്നു. ഇന്ന് ഒരു ദിവസം മാത്രം അനുവാദം ഉള്ളുവെന്നും, ഇപ്പോള്‍ തന്നെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കണമെന്നുള്ള സന്ദേശവും വ്യാജമാണ്. അടുത്തിടെ, സര്‍ക്കാര്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് നല്‍കി തുടങ്ങിയിരുന്നു.











