ഗള്‍ഫ് മേഖലയില്‍ ആദ്യമായി മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിക്കുന്ന പ്ലാന്റ് ഷാര്‍ജയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി
ദുബായ് : ഖരമാലിന്യത്തിന്റെ സംസ്‌കരണം നഗരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. ജനങ്ങള്‍ താമസിക്കാത്ത ഇടത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുകയും നഗരങ്ങളില്‍ നിന്ന് മാലിന്യം ഇവിടേക്ക് എത്തിക്കുകയും ചെയ്യുക എന്നത് ഏതൊരു മുനിസിപ്പാലിറ്റിയുടേയും വെല്ലുവിളിയാണ്,
ദുബായ് പോലുള്ള വന്‍കിട നഗരങ്ങളിലെ മാലിന്യസംസ്‌കരണം സുപ്രധാനമാണ്. നഗര സൗന്ദര്യവല്‍കരണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന മുനിസിപ്പിലാറ്റിയാണ് ദുബായിയിലേത്.
ഇതുമൂലം നഗരം മാലിന്യമുക്തമാക്കുക എന്നതിനാണ് എന്നും മുന്‍ഗണന നല്‍കുക,
ജൈവ മാലിന്യം പോലെ തന്നെ പ്രാധാന്യമേറിയ ഒന്നാണ് ഖരമാലിന്യങ്ങളും. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവയിലൊന്ന്. ഇവയുടെ സംസ്‌കരണം പലപ്പോഴും ലാന്‍ഡ് ഫില്ലിംഗില്‍ അവസാനിക്കുകയാണ് പതിവ്. ഇതിനൊരു അപവാദമാണ് ഖരമാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് എന്ന ആശയം.
ഷാര്‍ജയിലാണ് ഇത്തരത്തില്‍ വൈദ്യുത പ്ലാന്റ് സജ്ജമായിട്ടുള്ളത്. ചെലവു കുറഞ്ഞ വൈദ്യുതി ഉത്പാദനവും ഒപ്പം മാലിന്യ സംസ്‌കരണവും നടപ്പിലാക്കുക എന്ന ഇരട്ട ലക്ഷ്യമാണ് ഇതിനുപിന്നിലുള്ളത്.
പ്രതിവര്‍ഷം മൂന്നു ലക്ഷം ടണ്‍ മാലിന്യം ഇവിടെ വൈദ്യുതിയായി മാറുന്നു. മുപ്പത് മെഗാവാട്ട് ശേഷിയുള്ള പ്ലാന്റാണ് ഇത്. 28000 വീടുകള്‍ക്കുള്ള വൈദ്യുതി ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്.
ഷാര്‍ജ നഗരത്തിലെ നൂറുശതമാനം മാലിന്യവും പുനരുപയോഗത്തിലൂടെ വൈദ്യുതിയായി മാറ്റുകയാണ് ഉടമസ്ഥരായ മസ്ദാര്‍, ബിആ എന്നീ കമ്പനികളുടെ ലക്ഷ്യം.
ഷാര്‍ജയിലെ പ്ലാന്റ് സാധ്യമാക്കിയത് ഫ്രഞ്ച് കമ്പനിയായ സിഎന്‍ഐഎം എന്ന കമ്പനിയാണ്.
ഖരമാലിന്യങ്ങള്‍ ബോയിലര്‍ ഉപയോഗിച്ച് ഉയര്‍ന്ന ഊഷ്മാവില്‍ കത്തിക്കുകയും ഇതിന്റെ ചൂടുപയോഗിച്ച് നീരാവി ഉണ്ടാക്കി ടര്‍ബൈന്‍ പ്രവര്‍ത്തിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്. ഇതിന്റെ ചാരം റോഡ് നിര്‍മാണത്തിനും ഉപയോഗിക്കും.
ഷാര്‍ജയിലെ പ്ലാന്റ് സജ്ജമായതിനു പിന്നാലെ ദുബായിയിലും നാലു ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതി നടപ്പിലാകുന്നുണ്ട്. പ്രതിവര്‍ഷം 19 ലക്ഷം ടണ്‍ മാലിന്യമാണ് ഇവിടെ വൈദ്യുതിയാക്കി മാറ്റുന്നത്. 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് വര്‍സാനിലെ ഈ പ്ലാന്റിന്റെ ലക്ഷ്യം.
നെറ്റ് സീറോ പദ്ധതിയുമായി മുന്നേറുന്ന യുഎഇ 2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്.
നഗരങ്ങളിലെ വൈദ്യുതി വിതരണത്തിലെ എഴുപത്തിയഞ്ചു ശതമാനവും മാലിന്യത്തില്‍ നിന്നും ഉത്പാദിപ്പിക്കുകയാണ് യുഎഇയുടെ ലക്ഷ്യം. ഇതിനായി അബുദാബിയിലും അല്‍ ഐനിലും വേസ്റ്റ് എനര്‍ജി പ്ലാന്റ് നിര്‍മിക്കാനാണ് യുഇഎയുടെ പദ്ധതി.











