മസ്‌കത്ത് : ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഖരീഫ് സീസണ്‍ ജൂണ്‍ 21ന് ആരംഭിച്ച് സെപ്റ്റംബര്‍ 20 വരെ തുടരുമെന്നും സീസണ്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായും ദോഫാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സയ്യിദ് മര്‍വാന്‍ ബിന്‍ തുര്‍ക്കി പറഞ്ഞു. ദുബൈയിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖരീഫ് സീസണില്‍ ഇത്തവണ സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത് വൈവിധ്യങ്ങളായ വിനോദങ്ങളാണ്. ഷോപ്പിങ് ഏരിയ, ഓപ്പണ്‍ എയര്‍ തിയറ്റര്‍, ആധുനിക ഗെയിമിങ് ഏരിയ, ലേസര്‍ ഷോ എന്നിവ ഉള്‍ക്കൊള്ളുന്ന ഇത്തീന്‍ സ്‌ക്വയറിലെ ഗ്ലോബല്‍ ഇവന്റ് ഹബ്ബായിരിക്കും പ്രധാനം. ഖാന്‍ അല്‍ ഖലീലി (ഈജിപ്ത്), സൂഖ് അല്‍ ഹമീദിയ (സിറിയ), സൂഖ് വാഖിഫ് (ദോഹ) തുടങ്ങിയ മാതൃകകളില്‍ ഹെറിറ്റേജ് വില്ലേജിനെ ആഗോള ഗ്രാമമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സലാല പബ്ലിക് പാര്‍ക്ക് സീസണിലുടനീളം വിവിധ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകും. കുടുംബ വിനോദ പ്രവര്‍ത്തനങ്ങള്‍ക്കായി ഔഖദ് പാര്‍ക്കിനെ ഒരുക്കും. അല്‍ മറൂജ് തിയേറ്റര്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളിത്തത്തോടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയാകും.
‘റിട്ടേണ്‍ ഓഫ് ദി പാസ്റ്റ്’ എന്ന ഇവന്റിലൂടെ വിവിധ ഗവര്‍റേറ്റില്‍നിന്നുള്ള പരമ്പരാഗത ഒമാനി ജീവിതങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രകൃതിദത്തമായ കാഴ്ചകളും ചില വിനോദസഞ്ചാര കേന്ദ്രങ്ങളും മെച്ചപ്പെടുത്തല്‍, ഉള്‍ഭാഗങ്ങളിലേക്ക് റോഡുകള്‍ ഒരുക്കല്‍, നഗരങ്ങളുടെ സൗന്ദര്യവത്ക്കരണം എന്നിവ നടപ്പിലാക്കി സന്ദര്‍ശകരെ വരവേല്‍ക്കുമെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.











