ദോഹ: കടല്‍ വഴി ഖത്തറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ‘മിനാകോം’ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ച് ഓള്‍ഡ് ദോഹ പോര്‍ട്ട്. സമുദ്രയാത്രയിലൂടെയുള്ള ടൂറിസത്തെ കൂടുതല്‍ ലളിതമാക്കുന്നതിനും ആധുനിക സൗകര്യങ്ങളിലേക്കുള്ള മാറിവരവിനുമാണ് ഈ ഡിജിറ്റലൈസേഷന്‍.
യോട്ടുകള്‍, ബോട്ടുകള്‍, ക്രൂയിസ് കപ്പലുകള്‍ എന്നിവയിലൂടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് കരയിലെത്തുന്നതിനുമുമ്പ് തന്നെ ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് തുടങ്ങി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകും. ബോട്ടിലിരുന്ന് തന്നെ ഇമിഗ്രേഷന്‍ നടപടികള്‍ നടത്താവുന്ന സംവിധാനമാണ് ‘മിനാകോം’ വഴി ഒരുക്കിയിരിക്കുന്നത്. കൂടാതെ തീരത്ത് ബോട്ടുകള്‍ നിർത്താനുള്ള സൗകര്യങ്ങളും ലൊജിസ്റ്റിക്‌സ് എജന്റുമാരുടെ സഹായത്തോടെ മറ്റു ഔദ്യോഗിക കാര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അയൽരാജ്യങ്ങളിൽ നിന്ന് കടൽ വഴി എത്തുന്ന ടൂറിസ്റ്റുകൾക്ക് ഈ സംവിധാനം ഏറെ സഹായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘മിനാകോം’ പോർട്ടലിന്റെ സോഫ്റ്റ് ലോഞ്ചിന് ശേഷം ഇതിനകം 250-ത്തിലധികം സ്വകാര്യ ബോട്ടുകള്‍ക്ക് ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ അറിയിച്ചു.
സമുദ്രയാത്രക്കാർക്ക് സുഗമവും പ്രമോദഭരിതവുമായ അനുഭവം ഒരുക്കുന്നതിനുള്ള ഖത്തറിന്റെ പരിശ്രമങ്ങൾക്കായുള്ള പുതിയ സംഭാവനയാകുകയാണ് മിനാകോം.










