ദോഹ : ഖത്തർ ജയിലിൽ 611 ഇന്ത്യക്കാർ ഉണ്ടെന്ന് കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സൗദി ജയിലിൽ. വിദേശകാര്യ മന്ത്രാലയം ഇ. ടി മുഹമ്മദ് ബഷീര്‍ എംപിക്ക് കഴിഞ്ഞ മാസം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളിലെ ജയിലുകളിലായി പതിനായിരത്തിലേറെ ഇന്ത്യക്കാരാണുള്ളത്. ഇതിൽ 60 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ്- 6478 പേർ. സൗദിഅറേബ്യയിൽ 2,633 ഇന്ത്യക്കാരാണുള്ളത്. യുഎഇയില്‍ 2,518, കുവൈത്ത് 387, ബഹ്റൈന്‍ 181, ഒമാന്‍ 148 എന്നിങ്ങനെയാണ് മറ്റു ജി സി സി രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം. അമേരിക്കയില്‍ 169 ഉം ബ്രിട്ടനില്‍ 288 ഉം ഇന്ത്യക്കാര്‍ തടവിലുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അസാധാരണ വർധനവ് ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലോകകപ്പിന് ശേഷം ഖത്തറില്‍ ഇന്ത്യക്കാര്‍ തടവിലാകുന്നത് അസാധാരണമായി കൂടിയിട്ടില്ല. ഖത്തറിലെ ഇന്ത്യൻ തടവുകാരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ലെന്നും മന്ത്രാലയം പറയുന്നു.
അതേ സമയം പല രാജ്യങ്ങളിലെയും ജയിലുകളിൽ ചെക്ക് കേസിലും മറ്റും ശിക്ഷ അനുഭവിക്കുന്നവരാണ്. ലഹരി, മറ്റ് നിരോധിത വസ്തുക്കൾ തുടങ്ങിയവ കടത്തിയതിന് പേരിൽ തടവിലാക്കപ്പെട്ടവരും, ഇതിലൂടെ വഞ്ചിക്കപെട്ടവരും ജയിലുകളിൽ കഴിയുന്നുണ്ട്. ഇത്തരം ആളുകൾക്ക് ആവശ്യമായ നിയമ സഹായം ലഭ്യമല്ല എന്നതാണ് പ്രധാന പ്രശ്നം.
കുറ്റവാളികളെ കൈമാറാനുള്ള കരാറുമായി ബന്ധപെട്ട് ഇന്ത്യയും ഖത്തറും വർഷങ്ങൾക്ക് മുൻപ് പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഇതുവരെയും അത് നിലവിൽ വന്നിട്ടില്ല. ഇത്തരമൊരു കരാർ നിലവിൽ വന്നാൽ വലിയ ഒരു ശതമാനം ആളുകൾക്ക് വിദേശ രാജ്യത്ത് ശിക്ഷ അനുഭവിക്കുന്നതിന് പകരം ശിക്ഷ കാലാവധി നാട്ടിൽ പൂർത്തിയാക്കിയാൽ മതിയാകും.
