മസ്‌ക്കത്ത്: മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് ഗൗരവത്തോടെ ശ്രദ്ധയിൽ എടുത്ത ഒമാൻ, ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യമായ ഖത്തറിനോടുള്ള ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. ഖത്തറിനെതിരായ ആക്രമണം പരമാധികാരത്തിന്റെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
അയൽരാജ്യങ്ങളോടുള്ള നല്ല ബന്ധങ്ങൾക്കും പ്രാദേശിക ശാന്തിയും സ്ഥിരതയും നിലനിർത്തുന്നതിനും ഇത് പ്രതിസന്ധിയുണ്ടാക്കുന്ന നടപടിയാണെന്നും ഒമാൻ പറഞ്ഞു. സമാധാനപരമായ രീതിയിൽ പ്രശ്‌നപരിഹാരം തേടുക എന്നത് സൈനിക ഇടപെടലിനേക്കാൾ നല്ല മാർഗമാണെന്നും ഒമാൻ ആവർത്തിച്ചു.
“ഖത്തറിന് തങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശമുണ്ട്,” പ്രസ്താവനയിൽ വ്യക്തമാക്കി. നിയമാനുസൃതവും നീതിയുക്തവുമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ എല്ലാ കക്ഷികളെയും ക്ഷണിക്കുന്നതായി ഒമാൻ വ്യക്തമാക്കി.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ പ്രസിഡന്റ് ഡോ. മസൂദ് പെസശ്‌കിയാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽ താനിയുമായും ഒമാൻ സുൽത്താൻ ഫോണിലൂടെ ആശയവിനിമയം നടത്തി. മേഖലയിലെ സുരക്ഷയും ആസ്ഥിരതയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവർ കൂട്ടിചൊല്ലി.
ഒമാനുമായി പങ്കിടുന്ന ശക്തമായ സഹോദരബന്ധങ്ങളിൽ ഖത്തർ അഭിമാനിക്കുന്നതായി അമീർ വ്യക്തമാക്കി. നയതന്ത്ര ശ്രമങ്ങളിലൂടെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ഒമാന്റെ നിർണായക പങ്ക് അമീർ അഭിനന്ദിച്ചു.