ഡോ.ഹസീനാ ബീഗം
പാതിരാ കടലിൻ്റെ തീരത്തിരിക്കുകയായിരുന്ന ഞാൻ രാവിലെ പാതി കൂമ്പിയ മിഴികളുമായി എങ്ങിനെയോ എൻ്റെ ക്ലാസ്സുകൾ എടുത്തു തീർത്തു. കമ്പ്യൂട്ടറിൽ ചിലവഴിച്ചതിനാലാകാം തലവേദന അല്പം രൂക്ഷമായി. ഡോക്ടറെ വിളിച്ച് വിവരം പറഞ്ഞു. ഡോക്ടർ ഒന്നു വരാൻ പറ്റുമോ എന്ന് ചോദിച്ചു. എങ്ങിനെയോ ഒരു തട്ടിക്കൂട്ട് ഭക്ഷണം ഉണ്ടാക്കി – ഭക്ഷണ കാര്യത്തിൽ യാതൊരു പിടിവാശിയുമില്ലാത്ത ഹസ്ബന്റും മകനും
എനിക്ക് വലിയ അനുഗ്രഹമായിരുന്നു. ഞങ്ങൾ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ച് ഡോക്ടറുടെ അടുത്തെത്തി.
ഡോക്ടറുടെ വാക്കുകൾ എനിക്ക് അൽപം പ്രതീക്ഷ നൽകുന്നതായിരുന്നു.ഇനി നിങ്ങൾ പോയി ടെസററ് ചെയ്തോളൂ. നിങ്ങളുടെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസത്തേക്കാൾ അല്പം ഭേദമായിട്ടുണ്ട്. അന്ന് വന്നപ്പോൾ ടെസ്റ്റ് ചെയ്യാൻ പറയാതിരുന്നത് – അന്ന് നിങ്ങൾ അത്രയ്ക്കും ക്ഷീണിതയും ,മാനസിക ധൈര്യം ഒട്ടും ഇല്ല എന്ന് മനസ്സിലായത് കൊണ്ടാണ്. മാത്രമല്ല, റിസൾട്ട് എങ്ങാനും “പോസിറ്റീവ് ” ആയാൽ അത് താങ്ങാനുള്ള കരുത്ത് നിങ്ങൾക്കുണ്ടായിരുന്നില്ല. ഇപ്പോൾ അത്രക്ക് കുഴപ്പം ഇല്ല. ആരോഗ്യം ശരിയായി തുടങ്ങിയിട്ടുണ്ട്…. ധൈര്യമായി പൊയ്ക്കോളൂ…. എന്ന് പറഞ്ഞു. ആൻ്റിബയോട്ടിക് ഇത് തന്നെ തുടരാനും പറഞ്ഞു.തീർച്ചയായും നിങ്ങൾക്ക് നെഗറ്റീവ് ആയിരിക്കും എന്ന പുഞ്ചിരി തൂകിയ ഒരു ആശ്വാസവാക്കും തരാൻ ഡോക്ടർ മറന്നില്ല. ആരോഗ്യ സംരക്ഷകർ ഭൂമിയിലെ മാലാഖമാർ എന്ന വാചകം ഞാൻ അറിയാതെ മനസ്സിൽ സ്മരിച്ചു പോയി. കൊടും ചൂടിലും, ഒരു മന്ദമാരുതൻ എൻ്റെ മുഖത്തെ തഴുകി തലോടുന്നതായി എനിക്ക് തോന്നി.
ഇത്രയും സാമൂഹിക അകലം പാലിക്കുന്ന ഞങ്ങൾ ടെസ്റ്റിനായി വീണ്ടും പോയി ഒരു ക്യൂവിൽ നിൽക്കേണ്ടല്ലോ എന്ന് കരുതി ഡ്രൈവ് ത്രൂ ബുക്ക് ചെയ്തു. പക്ഷെ ഡേറ്റ് കിട്ടിയത് രണ്ട് ദിവസം കഴിഞ്ഞായിരുന്നു.
കാത്തിരിപ്പ് കൂടുതൽ അശുഭ വാർത്തകളുമായാണ് എന്നെ തേടിയെത്തിയത്. നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാനാവാത്ത ഇത്തിരിക്കുഞ്ഞൻ വൈറസിനു മുമ്പിൽ , നമ്മുടെ ഒരു പാട് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം വച്ച് കീഴടങ്ങുകയായിരുന്നു. ആരെയും കാണാതെ …. ആരോടും യാത്ര പറയാതെ ….. നിറക്കണ്ണോടെ ആറടി മണ്ണിലേക്ക് തിരിച്ച ഒരു പാട് പേർ…… നൊമ്പരിപ്പിക്കും വാർത്തകൾ……
പെട്ടി നിറയെ മിഠായിയും, കളിപ്പാട്ടങ്ങളും ,കുഞ്ഞുടുപ്പുകളുമായി വരുന്ന ഉപ്പമാരെ അല്ലെങ്കിൽ മാമൻ മാരെ കാത്ത് എത്രയോ കുഞ്ഞുമക്കൾ ഇപ്പോഴും കടലിനക്കരെ (ഇവരുടെ വിയോഗമറിയാതെ) കാത്തിരിക്കുന്നുണ്ടാകും.
പിറന്ന മണ്ണിൽ അലിഞ്ഞു ചേരുക എന്ന ജന്മാവകാശവും, സ്വപ്നവും – കത്തി ചാമ്പലായി മരുഭൂമിയിലെ മണ്ണിൽ എത്രയോ ആളുകൾ അഭയം പ്രാപിച്ചു കഴിഞ്ഞു. പ്രിയപ്പെട്ടവരുടെ വെള്ളയിൽ പൊതിഞ്ഞ ശരീരമെങ്കിലും ഒന്നു
കാണാനോ,
അന്ത്യചുംബനമോ – അന്ത്യകർമ്മമോ ചെയ്യാനാവാതെ എത്രയോ സഹധർമ്മിണികൾ,
അച്ഛനമ്മമാർ -ഇവരുടെ വറ്റിവരണ്ട കണ്ണുകൾ നാം കണ്ടു. ഇടറുന്ന ശബ്ദങ്ങൾക്ക് ആശ്വാസം പകരാനാവാതെ നമുക്കും തേങ്ങാനേ കഴിഞ്ഞുള്ളൂ. വിധി —- അല്ലാതെന്തു പറയാൻ….. ജാതി മത ഭേദമന്യേ ബനിയാസിലെ ഖബർസ്ഥാൻ ഏവർക്കും സ്വാഗതമേകി. ഒരു പാട് വർണ സ്വപ്നങ്ങൾ ബാക്കിയാക്കിയായിരുന്നു അവരുടെ യാത്ര. എന്തായിരിക്കും അന്തിമ നാളിൽ അവരുടെ അവസ്ഥ. ഞങ്ങളുടെ അയൽ സ്കൂളുകളിലെ ഞാൻ നന്നായി അറിയുന്ന രണ്ട് അധ്യാപകരുടെ വിയോഗവും എന്നെ കൂടുതൽ പരിഭ്രാന്തയാക്കി.
ആൻറിബയോട്ടിക് എൻ്റെ ശരീരത്തിനോട് മത്സരിച്ച് തോറ്റു പിൻമാറി എന്ന് പറയാം. കാരണം എൻ്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ
വിദൂര തയിലേക്ക് പായുകയായിരുന്നല്ലോ. എന്തോ ഒരു മാതിരി ഭയം …. ഉറക്കമേയില്ല…… അഥവാ ഉറങ്ങിയാലോ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ബനിയാസിലെ ഖബർസ്ഥാൻ വളരെ വ്യക്തമായി മുന്നിൽ തെളിയും .രണ്ടു മൂന്ന് പ്രാവശ്യം – അള്ളാഹു ( ഹസ്ബന്റിന്റെയും ,മോനേയും കൂട്ടാത) എന്നെ മാത്രം അവിടെ കൊണ്ടു പോയി അവിടത്തെ മരപ്പലകകളാൽ ചേർത്ത് വച്ച പെട്ടിയുടെ മുകളിൽ കോൺക്രീറ്റും, മണ്ണും മാത്രം നിറച്ച ആ പുത്തൻ മുറിയിൽ അന്ത്യനിദ്ര ഉറങ്ങുന്നത് സ്വപ്നത്തിലൂടെ കാണിക്കാനും മറന്നില്ല. എത്രയോ പ്രാവശ്യം വിമാനം എയറിൽ നിൽക്കും പോലെ എന്നെയും നിർത്തിയെന്നോ …..
സ്വപ്നമാണെങ്കിലും ആ നിമിഷങ്ങൾ …..വെട്ടി വിയർത്ത ഞാൻ, പിന്നെ പിന്നെ എനിക്ക് ഉറങ്ങാൻ കിടക്കാനേ മടിയായിരുന്നു. പേടിച്ചു പോയി എന്ന് പറയാം.എന്നാൽ വായിക്കാനോ എഴുതാനോ – അതിനും കഴിയുന്നില്ല. സ്കൂൾ ജോലികൾ – എൻ്റെ ഉത്തരവാദിത്വം ആയത് കൊണ്ട് അത് മാത്രം ചെയ്യും.
പരസ്യത്തിൽ പറയും പോലെ മനസ്സ് ഒരു സ്പോഞ്ച് പോലെയാണ്. മുങ്ങുന്നിടത്തെ സ്വഭാവം അത് കാണിക്കും . നിരാശയിൽ മുങ്ങിയാൽ നിരാശയും, പ്രതീക്ഷയിൽ മുങ്ങിയാൽ പ്രതീക്ഷയും തരും. ശാന്തമല്ലാത്ത മനസ്സ് നമ്മുടെ ആരോഗ്യത്തെ കൂടുതൽ തകർക്കും എന്ന് പറയേണ്ടതില്ലല്ലോ. എൻ്റെ മനസ്സ് എന്ന സ്പോഞ്ച് എവിടെയായിരിക്കും മുങ്ങിയതെന്ന് ഏവർക്കും ഊഹിക്കാമല്ലോ.
അങ്ങനെ ടെസ്റ്റിൻ്റെ ദിവസമെത്തി. സ്കൂൾ ജോലികൾ കുറെ ചെയതു തീർത്തു. പോകും വഴി
” ബനിയാസ് ഗ്രേവ് യാർഡ് ” – ബോർഡ് കണ്ടതും എൻ്റെ ഹൃദയമിടിപ്പ് ഇരട്ടിയായി. രണ്ട് മിനിറ്റ് വേണ്ടി വന്നുള്ളൂ – എൻ്റെയും ഹസ്ബന്റിന്റെയും ടെസ്റ്റിന്. യു. എ. ഇ ഗവൺമെൻ്റിൻ്റെ അടുക്കും ചിട്ടയുമായുള്ള സേവന തൽപരതക്ക് ബിഗ് സല്യൂട്ട്. സ്വദേശി – പ്രവാസി എന്ന ഒരു അന്തരവും അവിടത്തെ പോലീസ് ഉദ്യോഗസ്ഥർ കാണിച്ചിരുന്നില്ല. കൃത്യമായ
ഡൈറക്ഷനുകൾ….. ഒട്ടും സമയം എടുത്തില്ല. എമിറേറ്റ്സ് ഐ.ഡി കാട്ടിയതും ഉടനെ രണ്ട് ഭാഗത്തായി രണ്ട് നേഴ്സുമാർ വന്ന് വണ്ടിയിൽ ഇരുത്തി തന്നെ ഞങ്ങളെ ടെസ്റ്റ് ചെയ്തു. റിസൾട്ട് നാളെ മൊബൈലിൽ മെസേജ് വരുമെന്ന് പറഞ്ഞു. നന്ദി പറഞ്ഞ് ഞങ്ങൾ തിരിച്ചു പോന്നു. യാത്രാമധ്യേ വഴിയോരത്ത് മരച്ചുവട്ടിൽ കിടന്ന് (ഉച്ച വിശ്രമ സമയം) ഉറങ്ങുന്ന തൊഴിലാളികൾ ഞങ്ങളുടെ കണ്ണുകൾ ഈറണയിച്ചു. അവർക്ക് കൊടുക്കാൻ ഒരു ഓറഞ്ച് പോലും കയ്യിലില്ലല്ലോ എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. സാധാരണ കാറിൽ ഭക്ഷണ സാധനങ്ങളോ ,വെള്ളമോ കരുതാറുള്ള ഞങ്ങൾ – ഇന്നത്തെ പ്രത്യേക മാനസിക സ്ഥിതിയിൽ ഒന്നും ഓർത്തതേയില്ല എന്ന് വേണം പറയാൻ.
വിതുമ്പുന്ന മനസ്സുമായി ടെസ്റ്റ് റിസൾട്ടിനായി കാത്തിരിക്കുന്ന ആ നിമിഷങ്ങൾ…….
റിസൾട്ട് പോസറ്റീവ് ആയാൽ എങ്ങിനെ പോസറ്റീവ് ആയി നേരിടാം – എന്ന അനുഭവ സമ്പത്തുമായി അടുത്ത ഭാഗത്തിൽ വരാം.
കുഞ്ഞൻ അഭിമാനിയാണേ …..
പോയി ക്ഷണിച്ചു വരുത്തിയാലേ വരൂ. സ്നേഹിച്ചാൽ നമ്മെ തനിച്ചാക്കി പോകാൻ മടിയുള്ള ആത്മസുഹൃത്തായി മാറും. അവൻ്റെ സ്നേഹ പ്രകടനം പലതരത്തിലായിരിക്കും. സ്നേഹിച്ച് ശ്വാസം മുട്ടിക്കും എന്ന് കേട്ടിട്ടില്ലേ…. അതെന്നെ…… സ്നേഹിച്ച് കൊല്ലും. എല്ലാവരും ശ്രദ്ധിക്കണേ….. ആത്മവിശ്വാസവും കുറയരുത് .
അൽഹംദുലില്ലാഹ്…… ഞാൻ പൂർണ ആരോഗ്യവതിയായിട്ടോ.എന്നിൽ നിന്നും പോയ ഹസ്ബന്റിന്റെയും ,മോനെയും തിരിഞ്ഞു നോക്കിയില്ല.അവർ അത്ര ശ്രദ്ധിച്ചിരുന്നു . അതായിരുന്നു ഏക ആശ്വാസം .
അള്ളാഹു അക്ബർ.
വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ…..