മസ്കത്ത്: വരാനിരിക്കുന്ന ക്രൂസ് സീസണിൽ ഒമാനിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സിംഗപ്പൂരിലെ റിസോർട്ട്സ് വേൾഡ് ക്രൂസുമായി പെതൃക- ടൂറിസം മന്ത്രാലയം കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം സുൽത്താൻ ഖാബൂസ് തുറമുഖത്തേക്ക് 46 കപ്പലുകളും ഖസബ് തുറമുഖം 23 കപ്പലുകളുമെത്തും. ആദ്യ കപ്പൽ നവംബർ നാലിന് ഖസബ് തുറമുഖത്തെത്തും.
സുൽത്താനേറ്റിലേക്ക് വിവിധ വലുപ്പത്തിലുള്ള ക്രൂസ് കപ്പലുകളും യാട്ടുകളും ആകർഷിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ മന്ത്രാലയം കൺസൾട്ടിങ് കമ്പനിയെ നിയോഗിച്ചിട്ടുണ്ട്. എട്ട് രാജ്യങ്ങളിലും നാല് ഭൂഖണ്ഡങ്ങളിലുമായി 46ലധികം പ്രോപ്പർട്ടികളുള്ള ആഗോള ബ്രാൻഡാണ് റിസോർട്ട്സ് വേൾഡ് ക്രൂസ്.
സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ഹോങ്കോങ്, തായ്വാൻ, ജി.സി.സി തുടങ്ങിയ പോർട്ടുകളിലേക്ക് ലക്ഷ്യസ്ഥാനങ്ങൾ വിപുലീകരിക്കാനാണ് റിസോർട്ട്സ് വേൾഡ് ക്രൂയിസ് ലക്ഷ്യമിടുന്നത്. സുൽത്താനേറ്റിലെ ക്രൂസ് കപ്പൽ സീസൺ സാധാരണയായി ഒക്ടോബർ മുതൽ ഏപ്രിൽ അവസാനം വരെയാണ്. ഈ സമയത്ത് സുൽത്താൻ ഖാബൂസ് തുറമുഖം, സലാല തുറമുഖം, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ ക്രൂസ് കപ്പലുകൾ എത്താറുണ്ട്
202 കപ്പലുകളിലായി 3,21,012 വിനോദസഞ്ചാരികൾ ആണ് കഴിഞ്ഞവർഷം മസ്കത്ത്, സലാല, ഖസബ് തുറമുഖങ്ങളിലെത്തിയത്. ഈ വർഷം ഇത് 3,80,000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ക്രൂസ് സീസണിന്റെ ആദ്യ ഘട്ടമായ ജനുവരി മുതൽ മേയവരെ മൂന്ന് തുറമുഖങ്ങളിലായി 102 കപ്പലുകളിലൂടെ 2,06,544 യാത്രക്കാരെയാണ് ലഭിച്ചത്. അതേസമയം, രാജ്യത്തേക്ക് കൂടുതൽ ക്രൂസ് സഞ്ചരികളെ ആകർഷിക്കാൻ രണ്ട് പുതിയ വിസകൾക്കും അധികൃതർ തുടക്കം കുറിച്ചിട്ടുണ്ട്. പത്ത് ദിവസം, ഒരുമാത്തേക്കും കാലാവധിയുള്ള വിസകളാണ് പുതുതായിഅവതരിപ്പിച്ചിട്ടുളളത്. ഇതിൽ പത്ത് ദിവസത്തേക്കുള്ളത് സൗജന്യ വിസയാണ്.
പത്ത് ദിവസത്തെ സൗജന്യ വിസ ആഡംബര കപ്പലിലെ ജീവനക്കാര്‍, യാത്രികര്‍ എന്നിവര്‍ക്കാണ് അനുവദിക്കുക. ഇതിന് ഏജന്റ് മുഖേന അപേക്ഷിക്കണം. വിസ അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒമാനില്‍ എത്തുകയും വേണം. ഒമാനിലെത്തിയ ശേഷം 10 ദിവസമാണ് വിസാ കാലാവധി. ജീവനക്കാര്‍ക്കും യാത്രികര്‍ക്കും അപേക്ഷിച്ച് 30 ദിവസത്തെ വിസ നേടാനും സാധിക്കും. വിസ അനുവദിച്ച് 30 ദിവസത്തിനുള്ളില്‍ സുൽത്താനേറ്റിൽ എത്തിച്ചേരണ്ടതാണെന്നും വ്യവസ്ഥയിൽ പറയുന്നു.
