അബുദാബി : യുഎഇയിൽ കോർപറേറ്റ് ടാക്സ് റജിസ്ട്രേഷൻ സമയപരിധി ലംഘിച്ചതിന് സ്ഥാപനങ്ങൾക്ക് ചുമത്തിയ പിഴ ഒഴിവാക്കിത്തുടങ്ങി. യുഎഇ മന്ത്രിസഭാ തീരുമാന പ്രകാരമാണ് പിഴയിൽ ഇളവ് നൽകുന്നതെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു. റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി കഴിഞ്ഞ് 7 മാസത്തിനകം നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്കാണ് പിഴയിൽ ഇളവ് ലഭിക്കുക. എന്നാൽ ആദ്യ നികുതി കാലയളവിന് മാത്രമാണ് ഇളവെന്നും തുടർന്നുള്ള വർഷങ്ങളിൽ യഥാസമയം റിട്ടേൺ ഫയൽ ചെയ്യണമെന്നും എഫ്ടിഎ വ്യക്തമാക്കി. മേൽപറഞ്ഞ നിബന്ധനയിൽ ഉൾപ്പെടുന്നവരിൽ ഇതിനകം പിഴ അടച്ചവർക്ക് തുക തിരികെ ലഭിക്കുമെന്നും അവരുടെ എഫ്ടിഎ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്നും അറിയിച്ചു.










