സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പോര്‍മുഖം തുറന്നിരിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ ബെന്നി ബെഹനാന്‍ രാജിവെച്ചത് അപ്രതീക്ഷിതമായാണ്. യുഡിഎഫ് എന്ന പ്രതിപക്ഷ മുന്നണിയുടെ നേതൃത്വം രാഷ്‌ട്രീയനേട്ടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ഏറ്റവും ശക്തമായിരിക്കേണ്ട സമയത്താണ് ബെന്നി ബെഹനാന്‍ രാജിവെച്ചത്. പിന്നാലെ തിരഞ്ഞെടുപ്പ് സമിതി സ്ഥാനത്തു നിന്നും കെ.മുരളീധരന്‍ എംപിയും രാജിവെച്ചത് കോണ്‍ഗ്രസില്‍ അപ്രതീക്ഷിതമായ ചലനങ്ങളാണ് സൃഷ്‌ടിച്ചത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും ശേഷിക്കുന്നില്ലെന്നിരിക്കെ ഭരണവിരുദ്ധ തരംഗം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നണി ഒറ്റകെട്ടായി പ്രവര്‍ത്തിക്കേണ്ട സമയത്താണ് യുഡിഎഫ് കണ്‍വീനറുടെ രാജി. അത് പക്ഷേ ഗ്രൂപ്പ് പോരിന്റെ ഭാഗമായല്ല, ഗ്രൂപ്പിന് അകത്തെ പോരിന്റെ ഫലമാണെന്നതാണ് കൗതുകകരം. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും പ്രത്യേകിച്ചൊരു ഗ്രൂപ്പിനോടും മമത പുലര്‍ത്താത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റും ആയിരിക്കെയാണ് എ ഗ്രൂപ്പിന്റെ പ്രതിനിധി എന്ന നിലയില്‍ ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനറായത്. എന്നാല്‍ ബെന്നി ബെഹനാന്‍ ലോക്‌സഭാംഗമായതോടെ കണ്‍വീനര്‍ സ്ഥാനം മറ്റൊരു എ ഗ്രൂപ്പ് നേതാവിന് കൈമാറണമെന്ന നിര്‍ദേശം ഗ്രൂപ്പിന് ഉള്ളില്‍ നിന്നു തന്നെ ഉയരുകയും അതിനോട് ബെന്നി യോജിക്കാതിരിക്കുകയും ചെയ്‌തതോടെയാണ് തര്‍ക്കം തുടങ്ങിയത്. സമ്മര്‍ദം ശക്തമായതോടെയാണ് വാര്‍ത്താ സമ്മേളനം നടത്തി ബെന്നി രാജി പ്രഖ്യാപിച്ചത്.
സ്ഥാനങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടിയു ള്ള തര്‍ക്കം കോണ്‍ഗ്രസില്‍ പുതിയ കാര്യമല്ല. നാമിന്ന് അറിയുന്ന കോണ്‍ഗ്രസിന്റെ കൂടപിറപ്പാണ് അധികാര വടംവലിയും അതിന്റെ ഭാഗമായുള്ള ഗ്രൂപ്പ് പോരുകളും. സാധാരണ നിലയില്‍ അധികാരത്തിരിലിക്കുമ്പോഴാണ് ഇത്തരം വടംവലികള്‍ ശക്തമാകാറുള്ളത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ക്ക് അധികാരത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന പകിട്ടോ സ്വാധീനശേഷിയോ ഇല്ലാത്തതിനാല്‍ സ്ഥാനതര്‍ക്കങ്ങള്‍ക്ക് വലിയ ചൂടും പുകയുമുണ്ടാകാറില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പൊതുവെ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചട്ടക്കൂട് തന്നെ ദുര്‍ബലമാകുന്നതാണ് കണ്ടുവരാറുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെപിസിസി പ്രസിഡന്റ് ആയിരുന്ന വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് തന്നെ തലവേദനയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതിപക്ഷ സമരത്തെ ഊര്‍ജിതപ്പെടുത്താനും സര്‍ക്കാരിന് വെല്ലുവിളി സൃഷ്‌ടിക്കാനും പോന്ന ഒരു പ്രസ്‌താവന നടത്താന്‍ പോലും ശേഷിയില്ല. ഈ വ്യത്യാസം അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസും തമ്മിലുള്ള അന്തരത്തിന്റെ ഒരു അളവുകോലാണ്.
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എ ഗ്രൂപ്പിലെ മറ്റൊരു നേതാവായ എം.എം.ഹസ്സന് കൈമാറണമെന്ന നിര്‍ദേശത്തെ ബെന്നി ബെഹനാന്‍ എതിര്‍ത്തതിന്റെ കാരണം കൗതുകരമാണ്. രാഹുല്‍ഗാന്ധിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരം ലഭിച്ച പദവി ഒഴിയാനാകില്ലെന്നതായിരുന്നുവത്രെ അദ്ദേഹത്തിന്റെ നിലപാട്. രാഹുല്‍ഗാന്ധിയുടെ ഗുഡ് ലിസ്റ്റില്‍ സ്ഥാനം പിടിക്കുകയും അദ്ദേഹം നല്‍കുന്ന പദവികളില്‍ മുറുകെ പിടിച്ചിരിക്കുകയും ചെയ്യുക എന്നതാണ് പൊതുവെ കോണ്‍ഗ്രസ് നേതാക്കളുടെ രീതി. അതിന് അപ്പുറത്തേക്ക് കോണ്‍ഗ്രസിന് ഒരു സംഘടനാ സംവിധാനം ഉണ്ടാകണമെന്ന് അവരില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്ന ആവശ്യത്തെ പിന്തുണക്കാന്‍ കേരളത്തില്‍ നിന്ന് ഒരു ശശി തരൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തരൂര്‍ ആകട്ടെ കേരളത്തിന്റെ കോണ്‍ഗ്രസ് യൂണിറ്റില്‍ നിന്ന് കടന്നുവന്ന നേതാവുമല്ല.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെ വടംവലി മത്സരത്തിനും ഗ്രൂപ്പ് പോരിനുമുള്ള പുനരാരംഭമായാണോ ബെന്നിയുടെയും മുരളിയുടെയും രാജിയെ കാണേണ്ടത്? ഭരണമാറ്റം എന്ന മോഹം മുന്‍നിര്‍ത്തി നേതാക്കള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നതോടെ പോര് പുതിയ മാനങ്ങളിലേക്ക് നീങ്ങുന്നതാണ് കോണ്‍ഗ്രസിലെ പതിവ്.