ദുബായ്: യുഎഇയിലെ ചെറുകിട നിർമാണ സംരംഭകർക്കും പ്രവാസി കൺട്രാക്ടർമാർക്കും വലിയ തിരിച്ചടിയായി കോൺക്രീറ്റ് വിലയിൽ ഉണ്ടായ വർധന. ക്യൂബിക് മീറ്ററിന് 30 ദിർഹം വരെ വർധന രേഖപ്പെടുത്തി, ഇതോടെ വില 272 ദിർഹമായി ഉയർന്നു.
കോൺക്രീറ്റ് ഉൽപാദിപ്പിച്ച് വിതരണമൊരുക്കുന്ന കമ്പനികളാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ഇന്ധനച്ചെലവ്, തൊഴിൽവേതന വർധനം, ദൈനംദിന പ്രവർത്തനച്ചെലവുകൾ തുടങ്ങിയവ വില വർധനയ്ക്കുള്ള പ്രധാനകാരണങ്ങളായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
2023-ൽ ക്യൂബിക് മീറ്ററിന് 253 ദിർഹമായിരുന്ന വില, 2024 ആദ്യ പാദത്തിൽ 245 ദിർഹമായി കുറയുകയും ചെയ്തിരുന്നു. എന്നാൽ പുതിയ വർധനവോടെ ഒറ്റയടിക്ക് 272 ദിർഹമായി ഉയർന്നു. 12 ശതമാനത്തിലധികം വില വർധിച്ചിരിക്കുകയാണ്.
രാജ്യത്തെ പ്രധാന കോൺക്രീറ്റ് കമ്പനികൾ ഈ മാറ്റം സംബന്ധിച്ച് ഇടപാടുകാർക്ക് ഔദ്യോഗികമായി നോട്ടീസ് നൽകിക്കഴിഞ്ഞു. വില വർധന കണക്കിലെടുക്കാതെ കരാർ ഒപ്പുവെച്ച ചില നിർമ്മാണ കമ്പനികൾ ഇപ്പോൾ ബുദ്ധിമുട്ടിലായി.
ചെറുകിട സംരംഭങ്ങൾക്കും പ്രവാസി തൊഴിലാളികൾക്കുമായി, ഈ നിരക്കുകൾ നിർമാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയായി മാറും എന്ന് വ്യവസായവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.