സുധീര്‍ നാഥ്
ഇപ്പോള്‍ ലോകത്തെ ഭയപ്പെടുത്തി വന്‍ നാശം വിതച്ച കൊറോണ വൈറസ് ഡിസീസ് എന്ന കോവിഡ് 19 വിഷയമാക്കി കനേഡിയന്‍ സംവിധായകന്‍ മോസ്തഫ കേഷ്വാരി ചിത്രം സംവിധാനം ചെയ്യ്തു എന്നതാണ് പുതിയ വാര്‍ത്ത. കൊറോണ ലോകത്താകമാനം പകരുന്നതിന് വളരെ മുന്‍പാണ് 63 മിനിറ്റുള്ള സിനിമ അദ്ദേഹം പദ്ധതി ഇടുന്നത്. വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട ചൈനീസ് വൈറസിനെ കുറിച്ചുള്ള ആദ്യ വാര്‍ത്ത വന്ന സമയമായിരുന്നു. ചൈനയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആക്രമിച്ചു എന്ന വാര്‍ത്ത വായിക്കുന്നത് ഒരു ലിഫ്റ്റില്‍ വെച്ചാണ്. തന്‍റെ സിനിമയിടെ വിഷയം ചൈനീസ് വൈറസ് തന്നെ എന്ന് 33 വയസുള്ള സംവിധായകന്‍ തീരുമാനിക്കുകയും, താമസമില്ലാതെ സിനിമയുടെ തിരക്കഥ എഴുതി തീര്‍ത്തു. വൈറസ് മനുഷ്യന്‍റെ നിറം നോക്കിയല്ല ആക്രമിക്കുന്നത് എന്ന ആശയമാണ് സിനിമയില്‍. സിനിമാ ഷൂട്ടിങ്ങ് സമയത്താണ് ചൈനീസ് വൈറസ് എന്നത് കൊറോണ വൈറസായി മാറിയത്. ഒരു ലിഫ്റ്റില്‍ കുടുങ്ങുന്ന അഞ്ച് പേരില്‍ ഒരാള്‍ക്ക് കൊറോണ ഉണ്ടെന്നതാണ് സിനിമയുടെ കഥ മുന്നോട്ട് നയിക്കുന്നത്. കൊറോണ എന്ന സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ അത് ലോകത്താകമാനം പടര്‍ന്നു പിടിച്ചു. കൊറോണ വൈറസ് വിഷയമാക്കിയുള്ള സിനിമയുടെ ട്രെയ്ലറും പുറത്തിറങ്ങി കഴിഞ്ഞു. കൊറോണ വിഷയമാക്കിയുള്ള ആദ്യ സിനിമയായിരിക്കും മോസ്തഫ കേഷ്വാരിയുടേത്.
ജപ്പാനിലെ ഡോക്കുമെന്‍ട്രി ഡയറക്ടര്‍ റിയോ ടൈയ്ക്കൂച്ചിയുടെ മൈ എക്സ്പീരിയന്‍സ് വിത്ത് കൊറോണ വൈറസ് ഇപ്പോള്‍ ചൈനയിലും ജപ്പാനിലും ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. ചൈനക്കാരിയായ ഭാര്യയോടൊപ്പം 2013 മുതല്‍ കഴിയുന്ന ജപ്പാന്‍ സ്വദേശിയായ ടൈയ്ക്കൂച്ചി ചെറിയ ഒട്ടേറെ ഡോക്കുമെന്‍ട്രികള്‍ എടുത്തിട്ടുണ്ടെങ്കിലും, ആദ്യമായിണ് ഇത്ര സ്വീകാര്യത നിറഞ്ഞ ഒന്ന് നിര്‍മ്മിച്ചത്. ജപ്പാനില്‍ നിന്ന് ചൈനയില്‍ ഫെബ്രുവരിയില്‍ മടങ്ങി എത്തിയ ടൈയ്ക്കൂച്ചി രണ്ടാഴ്ച്ച ക്വോറന്‍റയിനില്‍ പോകേണ്ടി വന്നു. സ്വന്തം അനുഭവമാണ് അദ്ദേഹം ഡോക്കുമെന്‍ട്രിയാക്കിയത്. ക്വോറന്‍റയില്‍ സമയം കഴിഞ്ഞ ഉടനെ ക്യാമറയുമായി ഇറങ്ങിയ ടൈയ്ക്കൂച്ചി, ചൈനയില്‍ കൊറോണയെ നിയന്ത്രിച്ച രീതി ചിത്രീകരിച്ചു. ഭക്ഷണ ശാലകളിലേയും, ടാക്സി കാറുകളിലേയും, പൊതുസ്ഥലങ്ങളിലേയും സുരക്ഷാ രീതികള്‍ ഉള്‍പ്പെടുത്തി. കൊറോണയുടെ വ്യാപനം എങ്ങിനെ തടയാം എന്ന് അദ്ദേഹം ഡോക്കുമെന്‍ട്രിയില്‍ ലളിതമായി വിവരിച്ചു.
ഇപ്പോള്‍ ലോകത്താകമാനമുള്ള പല സിനിമാ പ്രവര്‍ത്തകരും കൊറോണ വിഷയമാക്കി സിനിമ തയ്യാറാക്കുന്നു എന്നതാണ് സത്യം. മലയാളത്തിലെ മൂന്നിലേറെ പേര്‍ ഈ വിഷയത്തില്‍ കഥയും, തിരക്കഥയും തയ്യാറാക്കി കഴിഞ്ഞു. അഞ്ചിലേറെ സംവിധായകര്‍ കേരളത്തിലെ പട്ടണം ഹെലികാം ഉപയോഗിച്ച് ഷൂട്ട് ചെയ്യ്ത് വെച്ചിരിക്കുന്നു എന്നതാണ് സത്യം. കഥയും തിരക്കഫയും പിന്നാലെ. എന്തായാലും കൊറോണ കാലത്തിന് ശേഷം ലോകത്താകമാനം ഡസനിലേറെ സിനിമ കോവിഡ് വൈറസ് ഡിസീസ് അഥവാ നോവല്‍ കൊറോണ 19 കേന്ദ്ര വിഷയമായി ഉണ്ടാകും എന്നത് യാഥാര്‍ത്ഥ്യമാണ്.