ഗള്‍ഫ് ഇന്ത്യന്‍സ് ന്യൂസ് ഡെസ്‌ക്
കോവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന കണക്കുകള്‍ മറച്ചുവെയ്ക്കാന്‍ നിര്‍ബന്ധിതരായെന്നു ഗവേഷകര്‍. തെരഞ്ഞെടുക്കപ്പെട്ട കൂട്ടരില്‍ കോവിഡ്19 രോഗം എത്ര പേര്‍ക്കുണ്ടായെന്നു കണക്കാക്കുന്നതിന് ഇന്ത്യന്‍ മെഡികല്‍ ഗവേഷണ കൗണ്‍സില്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ സെറംപ്രീവലന്‍സ് പഠനത്തില്‍ കണ്ടെത്തിയ കണക്കുകളാണ് പ്രസിദ്ധീകരിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടത്. മെയ് 11-നും ജൂണ്‍ 4-നുമിടയിലാണ് ഇന്ത്യയിലാദ്യമായി ഇത്തരമൊരു പഠനം നടത്തിയത്. പ്രസ്തുത പഠന റിപോര്‍ടിന്റെ പ്രസിദ്ധീകരണവേളയില്‍ കോവിഡിന്റെ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞ 10 നഗരങ്ങളിലെ കണക്കുകള്‍ ഒഴിവാക്കുവാന്‍ ആവശ്യപ്പെട്ടുവെന്നു കല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദ ടെലിഗ്രാഫ് പത്രം ഒരു റിപോര്‍ടില്‍ വെളിപ്പെടുത്തി. ഈ പഠന ഗവേഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട് പ്രകാരം ഐസിഎംആറി-ന്റെ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയാണ് കണക്കുകള്‍ ഒഴിവാക്കുവന്‍ ആവശ്യപ്പെട്ടത്. കണക്കുകള്‍ പ്രസിദ്ധീകരിക്കാനുള്ള അനുവാദം ഇല്ലെന്നാണ് അതിന് കാരണമായി അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആരുടെ പക്കല്‍ നിന്നാണ് ഇതിനുള്ള അനുവാദം ലഭിക്കേണ്ടതെന്ന് ഭാര്‍ഗവ വെളിപ്പെടുത്തിയില്ല. ഡോക്ടര്‍മാര്‍ പിന്തുടരേണ്ട ധാര്‍മിക മാര്‍ഗരേഖകള്‍ തയ്യാറാക്കുന്നതടക്കം ചുമതലയുള്ള ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മെഡിക്കല്‍ ഗവേഷണ സ്ഥാപനം ഇത്തരമൊരു സമീപനം സ്വീകരിച്ചത് ഗവേഷകരില്‍ ഞെട്ടലുളവാക്കിയ സംഭവമാണ്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ആണ് ഐസിഎംആര്‍ ഗവേഷകര്‍ തങ്ങള്‍ നടത്തിയ പഠനത്തെ ആസ്പദമാക്കിയുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചത്. ‘ഹോട് സ്‌പോട്ടുകളില്‍ നിന്നുള്ള കണക്കുകള്‍ ഒഴിവാക്കുക; അല്ലെങ്കില്‍ പ്രസിദ്ധീകരിക്കാതിരിക്കുക. ഇതാണ് ഞങ്ങള്‍ക്കു കിട്ടിയ നിര്‍ദ്ദേശമെന്നു’ പഠനവുമായി ബന്ധപ്പെട്ട ഒരു ഗവേഷകനെ ഉദ്ധരിച്ചുകൊണ്ടു പത്രം വെളിപ്പെടുത്തി. മറ്റു രണ്ടു പേരും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപോര്‍ടില്‍ പറയുന്നു. ഇന്ത്യയില്‍ മൊത്തം എത്ര പേരെ രോഗം ബാധിച്ചുവെന്നു കണക്കെടുക്കുന്നതിനു വേണ്ടിയാണ് രാജ്യത്തെ 21-സംസ്ഥാനങ്ങളിലെ 71-ജില്ലകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതി ആവിഷക്കരിച്ചത്. പദ്ധതി പ്രകാരം ഹോട്ട സ്‌പോടുകള്‍ അല്ലാത്ത ജില്ലകളില്‍ 400-പേരില്‍ നിന്നും ഹോട് സ്‌പോട-കളില്‍ 500-പേരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. രണ്ടാമതു പറഞ്ഞ ഗണത്തില്‍ ഉള്‍പ്പെട്ട10 നഗരങ്ങളായിരുന്നു അഹമ്മദാബാദ്, ഭോപാല്‍, കൊല്‍ക്കൊത്ത, ഡെല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, മുംബെ, പൂന, സൂറത്ത്. ഇവിടെ നിന്നുള്ള കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിനാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. റിപോര്‍ട് തയ്യാറാക്കുന്നതില്‍ പങ്കാളികളായ 74-പേരില്‍ ഏഴു പേരുമായി നടത്തിയ സംഭാഷണത്തിന്റെ വെളിച്ചത്തിലാണ് പത്രത്തിലെ റിപോര്‍ട്. അതിന്റെ നിജസ്ഥിതി എന്താണെന്നു വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഭാര്‍ഗവക്ക് നല്‍കിയ സന്ദേശങ്ങള്‍ക്ക് ശനിയാഴ്ച വരെ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന് ഹിതകരമല്ലാത്ത കണക്കുകള്‍ മൂടിവെയക്കുന്ന പ്രവണത ഇപ്പോള്‍ വര്‍ദ്ധിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യമാകെ ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്റെ ആദ്യ രണ്ടു മാസങ്ങളില്‍ എത്ര പ്രവാസി തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്ന ചോദ്യത്തിന് അറിയില്ല എന്നാണ് സര്‍ക്കാരിന്റെ മറുപടി. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ കണക്കുകള്‍ പ്രകാരം 382 ഡോക്ടര്‍മാര്‍ ഇതുവരെ മരണമടഞ്ഞുവെങ്കിലും കേന്ദ്ര സര്‍ക്കാരിന് കോവിഡ് ബാധിച്ചു മരിച്ച ഡോക്ടര്‍മാരുടെ കണക്കുകള്‍ അറിയില്ല.












