കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്റെ സംസ്ക്കാരം നാട്ടുകാർ തടഞ്ഞു. ഇതേത്തുടർന്ന് കോട്ടയം മുട്ടമ്പലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നഗരസഭാ ശ്മശാനത്തിലേക്കുള്ള വഴി നാട്ടുകാർ അടക്കുകയും നാട്ടുകാർ വഴി ഉപരോധിക്കുകയുമാണ്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് സംസ്ക്കാരം നടക്കുന്നതെന്നും ജനങ്ങൾ ഭയപ്പെടേണ്ട കാര്യമില്ലെന്ന് പോലീസും അധികൃതരും അറിയിച്ചെങ്കിലും ജനങ്ങൾ പിന്മാറിയിട്ടില്ല.വെള്ളിയാഴ്ച് ച മരിച്ച ഇദ്ദേഹത്തിന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാർക്കൊപ്പം നഗരസഭാ കൗൺസിലറും പ്രതിഷേധത്തിനൊപ്പമുണ്ട്.
നാട്ടുകാർ കെട്ടിയടച്ച നഗരസഭാ ശ്മാശാനത്തിന്റെ കവാടം പോലീസ് തുറന്നു. സംസ്ക്കാരം അനുവദിക്കില്ല എന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുത ശ്‌മശാനത്തിൽ മൃതദേഹം സംസ്ക്കരിക്കുന്നതു മൂലമുയരുന്ന പുകയിലൂടെ രോഗവ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞാണ് നാട്ടുകാർ ഉപരോധം തുടരുന്നത്. ആരോഗ്യ വകുപ്പ് ഉദ്യഗസ്ഥർ ഇപ്പോൾ കൗൺസിലറുമായും ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും ഇതുമൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.