ലഖ്‌നോ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിൽ ലുലു ഗ്രൂപ്പ് ഉത്തർപ്രദേശ് റീജിയണൽ ഡയറക്ടർ ജയകുമാർ, ജനറൽ മാനേജർ ലിജോ ജോസ് ആലപ്പാട്ട് എന്നിവർ ചേർന്ന് ചെക്ക് കൈമാറി.
കോവിഡ് മഹാമാരിയെ നേരിടുന്നതിനായി ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ലുലു ഗ്രൂപ്പ് നൽകുന്ന സഹായ സഹകരണങ്ങൾ സ്തുത്യർഹമാണെന്ന് യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ മഹാമാരിയെ നിയന്ത്രിക്കുവാൻ സഹായകരമാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ വർഷവും അഞ്ചു കോടി രൂപ ഉത്തർപ്രദേശിന് യൂസഫലി നൽകിയിരുന്നു. കോവിഡ് പ്രതിരോധത്തിന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും യൂസഫലി കൈത്താങ്ങായിരുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15 കോടി രൂപ, ഹരിയാന മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് 1.50 കോടി രൂപ എന്നിവയും പ്രധാനമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് 25 കോടി രൂപയും യൂസഫലി നൽകിയിരുന്നു.











