ഐ ഗോപിനാഥ്
കൊവിഡ് തകര്‍ത്ത സാമ്പത്തിക അവസ്ഥകള്‍ക്കും രാഷ്ട്രീയരംഗത്തെ ജീര്‍ണ്ണതകള്‍ക്കും അഴിമതിപരമ്പരകള്‍ക്കുമിടയിലാണ് കേരളം 64-ാം പിറന്നാള്‍ ആഘോഷിക്കുന്നത്. ആഘോഷിക്കാന്‍ കാര്യമായിട്ടൊന്നുമില്ലാത്ത ഒരു കേരളപ്പിറവി എന്നു പറയാം. എന്നാല്‍ ഈ കേരളപ്പിറവിദിനം സാമൂഹ്യനീതിക്കും ലിംഗനീതിക്കുമായുള്ള ഒരു പോരാട്ടത്താല്‍ അവിസമരണീയമാക്കാനാണ് മുഖ്യമായും വനിതകളുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്. രാജ്യമെങ്ങും ശക്തമാകുന്ന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ലക്ഷം പ്രതിഷേധജ്വാലകള്‍ കത്തിക്കാനാണ് തീരുമാനം. അതോടൊപ്പം ദളിതുകള്‍ക്കും ആദിവാസികള്‍ക്കും മുസ്ലിംങ്ങള്‍ക്കും ലൈംഗികന്ൂനപക്ഷങ്ങള്‍ക്കും എതിരെ വര്‍ദ്ധിച്ചുവരുന്ന കടന്നാക്രമണങ്ങള്‍ക്കും എതിരായി കൂടിയാണ് ഈ പ്രതിഷേധജ്വാലകള്‍ കത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുയിടങ്ങള്‍ മുതല്‍ വീട്ടകങ്ങള്‍ വരെ സമരവേദികളാകുന്നു. സ്ത്രീ സംഘടനകള്‍ക്ക്ുപുറമെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും ഈ പ്രതിഷേധത്തില്‍ പങ്കുചെരും. രാജ്യത്തെ മറ്റുഭാഗങ്ങളോടൊപ്പം ഈ വിഷയങ്ങളെല്ലാം കേരളത്തിലും ശക്തമായതിനാലാണ് കേരളപ്പിറവിതന്നെ ഇത്തരമൊരു പ്രതിഷേധത്തിനായി തെരഞ്ഞെടുത്തത് എന്നാണ് സംഘാടകര്‍ പറയുന്നത്.
യുപിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ഭീകരമായി പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ഭരണകൂടം തന്നെ പ്രതികളെ രക്ഷിക്കാന്‍ രംഗത്തിറങ്ങുകയും ചെയ്ത സാഹചര്യം തന്നൊണ് ഇത്തരമൊരു സമരത്തിനു പ്രധാനവ പ്രചോദനമായത്. ഒപ്പം സമാനമായ രീതിയില്‍ തന്നെ വാളയാറില്‍ കൊല ചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കുന്നതിനെതിരം മാതാപിതാക്കള്‍ നടത്തുന്ന പോരാട്ടവും. കേരളമടക്കം ഇന്ത്യയിലെമ്പാടും ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയും നീതി നിഷേധങ്ങള്‍ തുടരുകയുമാണ്. വീടുകളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും ആരാധനാലയങ്ങളിലും സൈബര്‍ ഇടങ്ങളിലും തുടങ്ങി എല്ലാ പൊതുയിടങ്ങളിലും സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു പോക്‌സോ പോലുള്ള ശക്തമായ നിയമമുണ്ടായിട്ടുപോലും പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. അതിനേക്കാള്‍ ഏറ്റവും ഗൗരവപരമായ വിഷയം ഭരണകൂടങ്ങള്‍ പലപ്പോഴും കുറ്റവാളികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത് എന്നതാണ്. രാഷ്ട്രീയനേതൃത്വങ്ങളും പോലീസും മാത്രമല്ല ചിലപ്പോള്‍ കോടതികള്‍ പോലും. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഹത്രാസ്. നിര്‍ഭയാ സംഭവത്തെ തുടര്‍ന്ന രാജ്യമാകെ പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ സ്ത്രീപീഡനത്തിനെതിരായ നിയമങ്ങള്‍ ഏറെ കര്‍ക്കശമാക്കി എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പീഡനത്തെ കുറിച്ച് പെണ്‍കുട്ടികള്‍ പറയാതിരിക്കാനായി കൊന്നു കളയുന്ന രീതി വ്യാപകമാകുകയാണ് ചെയ്തത്. യുപിയിലും മറ്റുമാകട്ടെ പല സംഭവങ്ങളിലും പ്രതികള്‍ ഭരണകക്ഷിയുടേ നേതാക്കള്‍ തന്നെയാണ്.
പ്രതിഷേധജ്വാലയുമായി ബന്ധപ്പെട്ടുയര്‍ത്തുന്ന മറ്റുമുദ്രാവാക്യങ്ങളും വര്‍ത്തമാനകാലത്ത് വളരെ പ്രസക്തമാണ്. ഹിന്ദുത്വരാഷ്ട്രം ലക്ഷ്യമാക്കി കുതിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അവരുടെ രാഷ്ട്രീയ അജണ്ടയിലെ ഓരോ ഇനവും പടിപടിയായി പുറത്തെടുക്കുകയാണല്ലോ. ഭരണഘടനക്കുപകരം മനുസ്മൃതിയെ മുന്‍നിര്‍ത്തിയുള്ള ഹിന്ദുത്വരാഷ്ട്രസങ്കല്‍പ്പം സവര്‍ണ്ണപ്രത്യയശാസ്ത്രത്തിലധിഷ്ടിതമായിരിക്കുമെന്നതില്‍ സംശയമില്ല. എത്രയോ പതിറ്റാണ്ടുകള്‍ക്കുമുമ്പ് അംബേദ്കര്‍ കത്തിച്ച മനുസ്മൃതിയെ വിമര്‍ശിച്ചതിന്റെ പേരില്‍ തിരുമാവളന്‍ എം എല്‍ എ വിമര്‍ശിച്ചതിന്റെ പേരില്‍ തമിഴ് നാട്ടില്‍ നടന്ന പ്രക്ഷോഭം നാമെവിടേക്കാണ് പോകുന്നത് എന്നതിന്റെ സൂചനയാണ്. ഇത്തരമൊരു ഹിന്ദുത്വരാഷ്ട്രത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കുമുള്ള സ്ഥാനം എവിടെയായിരിക്കുമെന്ന് പ്രത്യേകിച്ച് പറയണോ? രാജ്യമെങ്ങും നടക്കുന്ന ദളിത് പീഡനങ്ങളും സമീപകാലത്ത് ഭീമകോറഗോവ് സംഭവത്തിന്റെ പേരിലുള്ള അറസ്റ്റുകളും സവര്‍ണ്ണസംവരണവുമൊക്കെ നല്‍കുന്ന സൂചന മറ്റെന്താണ്? യുപിയില്‍ തന്നെ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടകള്‍ ബൂരിഭാഗവും ദളിതരും പീഡിപ്പിക്കുന്നവര്‍ സവര്‍ണ്ണരുമാകുന്നത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല.
ജൂതരെ ശത്രുക്കളായി ചിത്രീകരിച്ചാണല്ലോ ഹിറ്റ്‌ലര്‍ ആര്യമേന്മയും വംശീയ രാഷ്ട്രവും സ്ഥാപിക്കാന്‍ ശ്രമിച്ചത്. സമാനമായാണ് ഹിന്ദുത്വവാദികള്‍ മുസ്ലിം ജനതയെ ശത്രുക്കളായി ചിത്രികരിക്കുന്നത്. ആയിരകണക്കിന് ജാതികളായി വിഭജിച്ചകിടക്കുന്ന ഹിന്ദുമതത്തെ അത്തരമൊരു ലക്ഷ്യം നേടാനായി ഏകീകരിക്കാന്‍ ഒരു ശത്രുവിനെ ചൂണ്ടികാട്ടേണ്ടതുണ്ടല്ലോ. മുസ്ലിം ജനത നമ്മുടെ ശത്രുവാണെന്ന് പ്രഖ്യാപിച്ചാണ്, നൂറ്റാണ്ടുകളായി തങ്ങള്‍ തന്നെ അടിച്ചമര്‍ത്തുന്ന വിഭാഗങ്ങളെ പിന്നിലണിനിരത്താന്‍ ഈ ശക്തികള്‍ ശ്രമിക്കുന്നത്. ബാബറി മസ്ജിദും ഗുജറാത്തും മുസാഫര്‍ നഗറും പശുവിന്റേയും ശ്രീറാം വിളിയുടേയും പേരിലുള്ള കൊലകളും കാശ്മീരിന്റെ ഭരണഘടനാപുരമായ അവകാശം എടുത്തുകളഞ്ഞതും പൗരത്വഭേദഗതി നിയമവുമൊക്കെ അത്തരമൊരു അജണ്ടയുടെ ഭാഗം മാത്രം. ഇതിനെല്ലാമെതിരെ ശബ്ദിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും പത്രപ്രവര്‍ത്തകരെയും എഴുത്തുകാരേയുമെല്ലാം മാവോയിസ്റ്റുകളായി മുദ്രയടിച്ച് ജയിലിടക്കുന്നു. അതേസമയം സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞ പോലെ മനുവിന്റെ മുന്നില്‍ ഹിറ്റ്‌ലര്‍ പോലും പാവമാണ്. കാരണം മനുസ്മൃതിയെപോലെ മനുഷ്യത്വവിരുദ്ധവും എന്നാല്‍ ശക്തവുമായ ഒരു പ്രത്യയശാസ്ത്രമോ തട്ടുതട്ടായുള്ള ജാതിവ്യവസ്ഥയോ ഹിറ്റ്‌ലറെ സേവിക്കാന്‍ ഉണ്ടായിരുന്നില്ല. ഇതെല്ലാം ദൈവഹിതമാണെന്നും മാറ്റമില്ലാത്തതാണെന്നും ഇരകളെകൊണ്ടുപോലും അംഗീകരിപ്പിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. അത്രമാത്രം ശക്തമാണ് ഇന്ത്യന്‍ ഫാസിസം. അമേരിക്കയിലടക്കം ലോകത്ത് പലയിടത്തും ഇന്നും വര്‍ണ്ണവിവേജനം നിലനില്‍ക്കുന്നു എങ്കിലും അവയെല്ലാം ചാതുര്‍വര്‍ണ്ണ്യപ്രത്യയശാസ്ത്രത്തിനുമുന്നില്‍ എത്രയോ നിസ്സാരമാണ്.
പല കാര്യങ്ങളിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് കേരളം എന്നൊക്കെ പറയാറുണ്ടല്ലോ. പ്രത്യക്ഷത്തില്‍ അങ്ങനെതോന്നാം. എന്നാല്‍ സൂക്ഷ്മായ പരിശോധനയില്‍ ആ അവകാശവാദത്തില്‍ വലിയ കാമ്പില്ലെന്നു കാണാം. ഈ ജ്വാലയുയര്‍ത്തുന്ന മുദ്രാവാക്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം തന്നെ കേരളത്തിലും പ്രസക്തമാണ്. കേരളത്തില്‍ സംഘപരിവാര്‍ ഒരിക്കലും അധികാരത്തിലിരുന്നിട്ടില്ല എന്നത് ശരി. എന്നാല്‍ മേല്‍ സൂചിപ്പിച്ച മനുസമൃതി മൂല്യങ്ങളിലും ജാതിചിന്തകളിലും ഇസ്ലാമോഫോബിയയിലും സ്ത്രീവിരുദ്ധതയിലുമൊന്നും നാമും ഒട്ടും പുറകിലല്ല. തുടക്കത്തില്‍ പറഞ്ഞപോലെ ഹത്രാസിനു സമാനമാണ് വാളയാറും. അതിഭീകരമായി പീഡിപ്പിക്കപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ കൊല ചെയ്യപ്പെടുക മാത്രമല്ലല്ലോ വാളയാറിലും സംഭവിച്ചത്. സംഭവത്തെ ആത്മഹത്യയാക്കാനും കേസു തേച്ചുമാച്ചുകളയാനും ശ്രമം നടന്നു. ഹത്രാസിലെ പോലെ പോലീസിന്റേയും രാഷ്ട്രീയനേതൃത്വങ്ങളുടേയും ഭാഗത്തുനിന്നാണ് ഇവിടേയും അതുണ്ടായത്. അതിനു നേതൃത്വം നല്‍കിയ പോലീസുദ്യോഗസ്ഥനു പ്രമോഷന്‍ സമ്മാനിക്കാനും സര്‍ക്കാര്‍ മടിച്ചില്ല. CWC ചെയര്‍മാന്‍ തന്നെ പ്രതികള്‍ക്കായി ഹാജരായി. കേരളമെങ്ങും ശക്തമായ പ്രക്ഷോഭമുണ്ടായപ്പോഴാണ് കേസന്വേഷണത്തില്‍ വീഴ്ചവന്നതായി സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചത്. പെണ്‍കുട്ടികളുടെ പെണ്‍കുട്ടികളുടെ മാതാവ് നീതിക്കായി പോരാടുമ്പോഴാണ് ഈ വര്‍ഷത്തെ കേരളപിറവിദിനം എന്നതു തന്നെ ശ്രദ്ധേയമാണ്. അപ്പോഴും ആ മാതാവ് മറ്റുള്ളവരുടെ ഉപകരണമാണെന്നാണ് മന്ത്രിമാര്‍ പോലും ആക്ഷേപിക്കുന്നത്. പാലത്തായിയിലും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു. തുറിച്ചുനോട്ടവും സദാചാരപോലീസസിംഗും കടന്നാക്രമവുമില്ലാതെ സ്ത്രീകള്‍ക്ക് യാത്രചെയ്യാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് കേരളം. സന്ധ്യമയങ്ങിയാല്‍ പറയുകയും വേണ്ട. ആരാധാനാലയങ്ങളില്‍ പോലും പ്രവേശനം നിഷേധിക്കപ്പെടുന്നു. സൈബറിടങ്ങലിലെ കാര്യം പറയാനുമില്ലല്ലോ. അതിനെതിരെ പ്രതികരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ജാമ്യം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണല്ലോ നിലനില്‍ക്കുന്നത്. ഇക്കാരണങ്ങളാല്‍ ഇത്തരമൊരു പ്രതിഷേധത്തിന് ഏറ്റവും അനുയോജ്യം കേരളപ്പിറവി തന്നെ.
പ്രതിഷേധജ്വാല ഉന്നയിക്കുന്ന മറ്റുവിഷയങ്ങളിലും കേരളം വ്യത്യസ്ഥമല്ല. ദളിതരുടെ കേരളത്തിലെ അവസ്ഥ എന്താണെന്നതിന്റെ സൂചകങ്ങളാണല്ലോ ജിഷയും കെവിനും വിനായകനും അശാന്തനും വടയമ്പാടിയും പേരാന്ദ്രയും മറ്റും മറ്റും. പട്ടികജാതിക്കാരൊഴികെയുള്ള മിശ്രവിവാഹങ്ങള്‍ക്ക് പരസ്യം കൊടുക്കുന്ന പുരോഗമക്കാരുടെ നാടാണ് നമ്മുടേത്. ഉത്തരേന്ത്യയില്‍ മാത്രം നടക്കുന്നു എന്നു കേട്ടിരുന്ന ദുരഭിമാനകൊലകള്‍ എന്ന പേരില്‍ ജാതികൊലകള്‍ പോലും ഇവിടേയും അരങ്ങേറുന്നു. സവര്‍ണ്ണസംവരണത്തിന്റെ നിബന്ധനകളിലാകട്ടെ കേന്ദ്രത്തെപോലും കേരളം കടത്തിവെട്ടിയിരിക്കുന്നു. മാത്രമല്ല, അതിനൊരു സൈദ്ധാന്തിക അടിത്തറയുണ്ടാക്കികൊടുത്തതും നമ്മളാണ്. സാമൂഹ്യനീതിക്കാണ് സംവരണം എന്ന രാഷ്ട്രീയത്തെ അട്ടിമറിക്കുന്നതില്‍ പ്രധാന മൂന്നു പ്രസ്ഥാനങ്ങളും കൈകോര്‍ക്കുന്നതും പ്രതിഷേധിക്കുന്നവരെ വംശീയവാദികളായി ആക്ഷേപിക്കുന്നതും കാണുന്നു. വിശപ്പിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട മധുമുതല്‍ ഭൂമിക്കായി ഇന്നും പോരാടുന്ന ആദിവാസികളുടെ നാടുകൂടിയാണ് കേരളം. വിദ്യാഭ്യാസം ജന്മാവകാസമെന്ന മുദ്രാവാക്യമുയര്‍ത്തി വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം തുടരുമ്പോഴാണല്ലോ കേരളപ്പിറവി വരുന്നത്. ഇസ്ലാമോഫോബിയയുടെ കാര്യത്തിലും നാമൊട്ടും പുറകിലല്ല. കേരളത്തില്‍ എത്രയോ മുസ്ലിംചെറുപ്പക്കാരെ യുഎപിഎ ചുമത്തി അകത്തിടുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നിരപരാധികളായി ബോധ്യപ്പെട്ടു വിട്ടയക്കുന്നു. മദനിയുടെ തടവുജീവിതം അനന്തമായി നീളുന്നു. മാവോയിസ്റ്റുകളെന്ന പേരില്‍ നടക്കുന്ന വ്യാജഏറ്റുമുട്ടല്‍ കൊലകളും ലഘുലേഖവായിക്കുന്നതിന് യുഎപിഎ ചുമത്തുന്നതും നമ്മളും കേന്ദ്രത്തില്‍ നിന്ന് വ്യത്യസ്ഥരല്ല എന്നതിന്റെ തെളിവല്ലേ? ട്രാന്‍സ് സൗഹൃദ സംസ്ഥാനമെന്നു കൊട്ടിഘോഷിക്കുമ്പോഴും ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലും നാം മിക്ക സംസ്ഥാനങ്ങളേക്കാള്‍ പുറകിലാണ്. സ്വകാര്യജീവിതത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും സമസ്ത മണ്ഡലങ്ങളിലും അവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് കേരളപ്പിറവി ദിനത്തില്‍ ലക്ഷം പ്രതിഷേധജ്വാല കത്തിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക, വനിതാ സംഘടനകള്‍ രംഗത്തു വന്നിരിക്കുന്നത്. തീര്‍ച്ചയായും ഇത് സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും ലിംഗനീതിക്കുമുള്ള, തുടരുന്ന പോരാട്ടങ്ങളുടെ ഭാഗമാണ്.


















