പ്രവാസി പങ്കാളിത്തത്തോടെ വൈജ്ഞാനിക-സാങ്കേതിക മേഖലയില്‍ തൊഴിലവസരം
തിരുവനന്തപുരം : കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളില്‍ പ്രവാസികളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ലോക കേരള സഭയുടെ സമീപന രേഖ.
കേരള നോളജ് ഇക്കണോമി മിഷന്‍ വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയില്‍ തൊഴില്‍ ദാതാവായും സ്വീകര്‍ത്താവായും പ്രവാസി പങ്കാളിത്തത്തിന് അവസരം ഒരുക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി രാജീവ് അവതരിപ്പിച്ച സമീപന രേഖ.
വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് സഹായകമാകുന്ന പങ്കാളിത്തം ഉറപ്പുവരുത്താന്‍ പ്രവാസികളോട് അഭ്യര്‍ത്ഥിക്കുന്ന സമീപന രേഖ പ്രവാസ ലോകത്തെ വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ അറിവും അനുഭവ ജ്ഞാനവും സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കായി പങ്കുവെയ്ക്കാനും നിര്‍ദ്ദേശിക്കുന്നു.
കൃഷി, ആരോഗ്യ മേഖലയില്‍ മുതല്‍ മുടക്കുകയും ഇതില്‍ നിന്ന് ലാഭമെടുക്കാനുമുള്ള നയപരിപാടികള്‍ സമീപന രേഖയില്‍ വിശദീകരിക്കുന്നു. എല്ലാവര്‍ഷവും പ്രവാസി സമൂഹത്തിലെ ഒന്നോ രണ്ടോ ശതമാനം പേര്‍ സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നത് സംസ്ഥാനത്തിന്റെ ടൂറിസം വ്യവസായത്തിന് ഗുണകരമാകും.
വിദേശ സര്‍വ്വകലാശാലകളുമായി സഹകരിച്ച് സ്റ്റുഡന്റസ് എക്‌സേഞ്ച് പരിപാടി ആസൂത്രണം ചെയ്യാനും ലോക കേരള സഭയില്‍ അവതരിപ്പിച്ച സമീപന രേഖ ഉറപ്പു നല്‍കുന്നു.
മൂന്നു ദിവസം നീളുന്ന ലോക കേരള സഭയ്ക്ക് ശനിയാഴ്ച വൈകീട്ടോടെ തിരശീല വീഴും. തലസ്ഥാന നഗരിയിലെ നിയമസഭാ മന്ദിര സമുച്ചയത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് മൂന്നു ദിവസത്തെ സമ്മേളനം അരങ്ങേറിയത്.
അനാരോഗ്യം കാരണം വിശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം വ്യവസായ മന്ത്രി പി രാജീവ് വായിച്ചു.
ചീഫ് സെക്രട്ടറി വി പി ജോയി സഭാ പ്രഖ്യാപനം നടത്തി. സ്പീക്കര്‍ എംബി രാജേഷ് സഭ സമ്മേളനം നിയന്ത്രിച്ചു.
ജോണ്‍ ബ്രിട്ടാസ് എംപി, കെടി ജലീല്‍ എംഎല്‍എ മുന്‍സ്പീക്കറും നോര്‍കറസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണന്‍, വ്യവസായ പ്രമുഖരായ ഡോ.എംഎ യൂസഫലി, ഡോ രവി പിള്ള, ഡോ ആസാദി മൂപ്പന്‍, ഡോ എം അനിരുദ്ധന്‍, ഗോകുലം ഗോപാലന്‍ ഡോ നന്ദിതാ മാത്യൂ എന്നിവരായിരുന്നു പ്രസീഡിയം അംഗങ്ങള്‍,