കുവൈത്ത് സിറ്റി: ഹോങ്കോങ്ങുമായി ബന്ധം ശക്തിപ്പെടുത്തി കുവൈത്ത്. കുവൈത്ത് സന്ദർശനത്തിനെത്തിയ ഹോങ്കോംഗ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയന്റെ ചീഫ് എക്സിക്യൂട്ടിവ് ജോൺ ലീ കാ ചിയു ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ചകൾ നടത്തി.അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ജോൺ ലീ കാ ചിയു ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹുമായി ഔദ്യോഗിക ചർച്ചകൾ നടത്തി.
ഇരു രാജ്യങ്ങളും നേരിട്ടുള്ള നിക്ഷേപ പ്രോത്സാഹനത്തിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ.മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ് ഹോങ്കോംങ്ങിനുവേണ്ടി ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആക്ടിങ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ലോറെറ്റ ലീ എന്നിവർ കരാറിൽ ഒപ്പുവെച്ചു. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയും ഹോങ്കോംഗ് ട്രേഡ് ഡെവലപ്മെന്റ് കൗൺസിലും തമ്മിൽ നേരിട്ടുള്ള നിക്ഷേപ പ്രോത്സാഹന മേഖലയിലെ ധാരണപത്രത്തിലും ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രി, പൊതുമരാമത്ത് മന്ത്രി, വാണിജ്യ വ്യവസായ മന്ത്രി എന്നിവരുൾപ്പെടെ മുതിർന്ന കുവൈത്ത് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.











