കുവൈത്ത് സിറ്റി: കുവൈത്തിൽ താപനില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, അധിക വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സർക്കാർ പുതിയ സംരക്ഷണ കാമ്പയിൻ ആരംഭിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, സിവിൽ സർവീസ് കമ്മീഷൻ ബോധവൽക്കരണ കാമ്പയിന് മുന്നോട്ടുവെക്കുകയാണ്.
റിപ്പോർട്ട് പ്രകാരം, വിപുലമായ ലൈറ്റിങ് സംവിധാനങ്ങൾ, എയർ കണ്ടീഷണിങ്ങ് തുടങ്ങിയ കൂളിംഗ് ഉപകരണങ്ങളുടെ അമിത ആശ്രയം, അനാവശ്യമായ ഉപഭോഗം എന്നിവയാണ് ഉയർന്ന വൈദ്യുതി ചെലവിന്റെ പ്രധാന കാരണങ്ങൾ. ഈ സാഹചര്യത്തിലാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്.
രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളിലാണ് പ്രാഥമിക ഘട്ടം ആരംഭിക്കുന്നത്. പിന്നീട് ഇത് മറ്റ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
പുനരുപയോഗ ഊർജ സ്രോതസുകൾക്ക്, പ്രത്യേകിച്ച് സോളാർ പാനലുകൾക്ക്, കൂടുതൽ പ്രാധാന്യം നൽകണമെന്ന് സിവിൽ സർവീസ് കമ്മീഷൻ നിർദേശിച്ചു. ഈ സംരംഭം മൂലം ദീർഘകാലത്തേക്കുള്ള സ്ഥിരതയുള്ള ഊർജ ഉപയോഗം ലക്ഷ്യമിടുകയാണ്.