കുവൈത്ത് സിറ്റി: രാജ്യത്തെ ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. രാവിലെ എട്ടിന് ആരംഭിക്കുന്ന സെന്ററുകളുടെ പ്രവൃത്തി സമയം രാത്രി 10വരെയാണ് നീട്ടിയത്. ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഐഡന്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ആഴ്ചയിലുടനീളം രാവിലെ എട്ടു മുതൽ 10വരെ പ്രവർത്തിക്കും. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും പൗരന്മാർക്കും പ്രവാസികൾക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.രാജ്യത്ത് പൗരന്മാർക്ക് ഈ മാസം 31വരെയും പ്രവാസികൾക്ക് ഡിസംബർ 31വരെയുമാണ് ബയോമെട്രി ക്ക് പൂർത്തീകരിക്കാനുള്ള സമയപരിധി.












