കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിലും ഉയർന്ന ചൂട് തുടരും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ കനത്ത താപനില നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ താപനില 45-47 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. മിതമായതോ തീ വ്രമായതോആയ വടക്കുപടിഞ്ഞാറൻ കാറ്റ് വെള്ളിയാഴ്ച പൊടിപടലത്തിന് കാരണമാകും.
ശനിയാഴ്ച 45- 48ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും താപനിലയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസങ്ങളായി രാജ്യത്ത് കാറ്റ് ശക്തമാണ്. ദിവസങ്ങൾക്കുമുമ്പ് രൂപപ്പെട്ട വ്യാപകമായ കാറ്റ് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാൻ കാരണമാക്കിയിരുന്നു. രാത്രിയിലും കനത്ത ചൂടും കാറ്റും അനുഭവപ്പെടുന്നുണ്ട്. അതേസമയം രാജ്യത്ത് വേനൽകാലം അവസാനഘട്ടത്തിലാണ്. അടുത്തമാസം പകുതിയോടെ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒക്ടോബറോടെ സുഗകരമായ അന്തരീക്ഷത്തിലേക്ക് കാലാവസ്ഥമാറും.