വിര്‍ച്വല്‍ കോണ്‍ഫറന്‍സിനു പകരം ഇക്കുറി എംബസി ഓഡിറ്റോറിയത്തിലാകും ഓപണ്‍ ഹൗസ് നടക്കുക.
കുവൈത്ത് സിറ്റി : പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓഗസ്റ്റ് 17 ബുധനാഴ്ച ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വെച്ച് ഓപണ്‍ ഹൗസ് നടത്തും.
രാവിലെ പത്തു മണി മുതല്‍ ഇതിനുള്ള രജിസ്‌ട്രേഷന്‍ എംബസിയില്‍ ആരംഭിക്കും.
പതിനൊന്ന് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് ഓപണ്‍ ഹൗസ് സംഘടിപ്പിച്ചിരിക്കുന്നത്.
കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണമായും എടുത്തവര്‍ക്ക് മാത്രമായിരിക്കും എംബസിയിലേക്ക് പ്രവേശനം.
കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപണ്‍ ഹൗസ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തി വരികയായിരുന്നു. ഇക്കുറി ഈ സംവിധാനം ഉണ്ടാവില്ലെന്ന് എംബസി അറിയിച്ചിരുന്നു.
പൊതു വിഷയങ്ങള്‍ അല്ലാതെ പ്രത്യേക വിഷയങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം എന്നിവയോട് കൂടി amboff.kuwait@mea.gov.in എന്ന വിലാസത്തില്‍ മുന്‍കൂറായി ഇ മെയില്‍ അയയ്ക്കണമെന്നും എംബസി അറിയിച്ചു.