കുവൈത്ത് സിറ്റി: കുവൈത്ത്-തുനീഷ്യ പരമോന്നത സമിതിയുടെ നാലാമത്തെ സെഷൻ ട്യൂനിസിൽ നടന്നു. തുനീഷ്യ വിദേശകാര്യ, കുടിയേറ്റ മന്ത്രി മുഹമ്മദ് അലി അൽ നഫ്തി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ എന്നിവർ പ്രതിനിധി സംഘങ്ങൾക്ക് നേതൃത്വം നൽകി.നയതന്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, സംസ്കാരം, കായികം, വാണിജ്യം, വ്യവസായം എന്നീ മേഖലകളിൽ വിശദമായ ചർച്ചകൾ നടത്തി.
സാംസ്കാരിക- സാങ്കേതിക സഹകരണ കരാർ, വ്യോമ സേവനങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിനുള്ള ധാരണപത്രം, അക്രഡിറ്റേഷനുകൾ എന്നിവ ഉൾപ്പെടുന്ന കരാറുകളിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നേതൃത്വം വളരെയധികം ശ്രദ്ധ ചെലുത്തുന്നതായി തുനീഷ്യൻ വിദേശകാര്യ മന്ത്രി മുഹമ്മദ് അലി അൽ നഫ്തി പറഞ്ഞു. കുവൈത്ത് പതിറ്റാണ്ടുകളായി തുനീഷ്യയെ സഹായിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ട് 60 കൾ മുതൽ തുനീഷ്യയിലെ വിവിധ മേഖലകളിലെ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.











