കുവൈത്ത് സിറ്റി : പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി ആയുധങ്ങളുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ കർശനമാക്കാനുള്ള നടപടികളിൽ കുവൈത്ത്. 1991ലെ ആയുധ നിയമത്തിൽ നിർണായക ഭേദഗതികൾ ഉൾപ്പെടുത്തിയ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. എയർ ഗൺ ഉൾപ്പെടെയുള്ള ആയുധങ്ങൾ സ്കൂളുകൾ, പള്ളികൾ, മാർക്കറ്റുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ കൈവശം വയ്ക്കുന്നവർക്കെതിരെ കഠിനമായ ശിക്ഷയാണ് ഭേദഗതിയിലൂടെ നടപ്പിലാക്കുന്നത്.
കർശന ശിക്ഷാ വ്യവസ്ഥകൾ:
നീതിന്യായ മന്ത്രി നാസർ അൽ സുമെയ്ത് അറിയിച്ചു പ്രകാരം, 6എംഎം അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ള എയർ ഗൺ പോലെയുള്ള ആയുധങ്ങൾ നിയമാനുസൃതമായ കാരണമില്ലാതെ പൊതുസ്ഥലങ്ങളിൽ കൈവശം വച്ചാൽ 6 മാസം മുതൽ 1 വർഷം വരെ തടവോ, 500 മുതൽ 1,000 കുവൈത്തി ദിനാർ വരെയുള്ള പിഴയോ ഏർപ്പെടുത്തും.
മനപൂർവം ആയുധം ഉപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയാൽ 1 മുതൽ 2 വർഷം വരെ തടവും 1,000 മുതൽ 2,000 ദിനാർ വരെയുള്ള പിഴയും വിധിക്കും.
അധികൃത ലൈസൻസ് ഇല്ലാതെ ആയുധങ്ങൾ വിൽക്കൽ, ഇറക്കുമതി, വിതരണം, വിപണനം എന്നിവയും പുതിയ നിയമപ്രകാരം കർശനമായി നിരോധിച്ചിട്ടുണ്ട്.
നിയമം ഏത് തരത്തിലുള്ള ആയുധങ്ങളെ ഉൾപ്പെടുത്തണമെന്ന് നിശ്ചയിക്കാനുള്ള അധികാരം ആഭ്യന്തര മന്ത്രിക്കാണ് നൽകിയിരിക്കുന്നത്. ഉയർന്ന സുരക്ഷാ ഭീഷണികൾ നേരിട്ടുള്ള പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതികൾ കൊണ്ടുവരുന്നത്.