കുവൈത്ത് സിറ്റി: പുതിയ ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം. ഏപ്രിൽ 22 മുതലാണ് നിയമം നടപ്പിലാക്കുക. ഗതാഗത ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കാൻ 1,109 പുതിയ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അധികൃതർ അറിയിച്ചു. മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മുന്നിലെ സീറ്റിൽ കുട്ടികളെ ഇരുത്തൽ, അമിതവേഗത, റെഡ് സിഗ്നൽ ലംഘനം എന്നിവ ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾ പുതിയ ക്യാമറകൾ വഴി നിരീക്ഷിക്കും.
ഇതില്‍ 413 നിരീക്ഷണ ക്യാമറകൾ തെരുവുകളിലെ ഗതാഗത നിയന്ത്രണത്തിനും 421 ഫിക്സഡ് ട്രാഫിക് ക്യാമറകൾ അമിതവേഗത നിരീക്ഷിക്കാനും 252 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ മറ്റ് ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി പ്രവർത്തിക്കും. അതോടപ്പം പോയിന്റ്-ടു-പോയിന്റ് ക്യാമറകൾ അബ്ദാലി റോഡ്, ജാബർ ബ്രിഡ്ജ്, ദോഹ ലിങ്ക്, അൽ-താവുൻ സ്ട്രീറ്റ്, ഫഹാഹീൽ റോഡ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാല്‍ ക്യാമറ കണ്ടെത്തലുകളും ഓഡിറ്റ് ചെയ്ത ശേഷം മാത്രമേ നിയമ നടപടികൾ കൈക്കൊള്ളൂ. പുതിയ ഗതാഗത നിയമങ്ങൾ സംബന്ധിച്ച് കൂടുതൽ ബോധവൽക്കരണ പരിപാടികൾ ആരംഭിക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു
