കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വെള്ളിയാഴ്ചവരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ദിരാര്‍ അല്‍ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശക്തമായ കാറ്റ് പൊടിപടലങ്ങള്‍ ഉയരാനും പൊടിക്കാറ്റായി മാറാനും കാരണമാകാം. തുറന്ന പ്രദേശങ്ങളില്‍ കാറ്റ് കാഴ്ചപ്പാട് 1,000 മീറ്ററിന് താഴെയാക്കാന്‍ സാധ്യതയുണ്ട്.
ചൊവ്വാഴ്ച മുതല്‍ കാറ്റിന്റെ വേഗം ക്രമേണ കുറയുകയും വൈകുന്നേരത്തോടെ കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യും. ബുധന്‍, വ്യാഴം, വെള്ളിയാഴ്ചകളിലും കാറ്റ് തുടരാമെങ്കിലും അതിന്റെ ശക്തി കുറവായിരിക്കും.
കടല്‍ തിരമാലകള്‍ പതിവിലും കൂടുതലായി ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഭൂപടങ്ങളും കണക്കുകളും സൂചിപ്പിക്കുന്നു. ഇന്ത്യയിലെ മണ്‍സൂണ്‍ ന്യൂനമര്‍ദത്തിന്റെ വ്യാപനമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണം. അതോടൊപ്പം ചൂടുള്ളതും വരണ്ടതുമായ വായുപിണ്ഡവും വടക്കുപടിഞ്ഞാറന്‍ കാറ്റും സജീവമാണ്.
രാജ്യത്ത് അടുത്ത ആഴ്ചയും ഉയര്‍ന്ന താപനില തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍-രാത്രിയില്ലാതെ കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക. പ്രതീക്ഷിക്കുന്ന പരമാവധി താപനില 47 ഡിഗ്രി മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില 35 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും.