കുവൈത്ത് സിറ്റി : ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ ബ്ലോക്ക് ചെയ്തിട്ടുള്ള കുറ്റങ്ങള്‍ക്ക് പിഴ തുക അടച്ച് സിസ്റ്റത്തില്‍ നിന്ന് നീക്കാന്‍ അവസരം. അല്‍ ഖൈറാന്‍, അവന്യൂസ് മാളുകളിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിഴയടക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. . ജിസിസി ഗതാഗത വാരാഘോഷത്തിന് ഭാഗമായിട്ടാണിത്. സ്വദേശികള്‍ക്കും, വിദേശികള്‍ക്കും ബ്ലോക്ക് ചെയ്തിട്ടുള്ള ലംഘനങ്ങളില്‍ പിഴ ഒുടുക്കി സിസ്റ്റത്തില്‍ നിന്ന് നീക്കാവുന്നതാണന്ന് ഗതാഗത മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഗള്‍ഫ് ട്രാഫിക് വാരാഘോഷ കമ്മിറ്റിയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ സബ്ഹാന്‍ വ്യക്തമാക്കി.
ഇന്ന് ഖൈറാന്‍ മാളിലും, ഞായര്‍ മുതല്‍ വ്യാഴാഴ്ച വരെ അവന്യൂസ് മാളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയാണ് സമയം. ബന്ധപ്പെട്ട വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥർ നേരിട്ടാണ് തീര്‍പ്പ് കല്‍പ്പിക്കുന്നത്. ഈ സുവര്‍ണ്ണാവസരം പാഴാക്കാതെ പിഴയടച്ച് നിയമവിധേയമാകാന്‍ എല്ല ഗതാഗത നിയമ ലംഘകരും തയാറാകണം.
നിര്‍ദേശിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ മാത്രമാകും ലംഘനങ്ങള്‍ നീക്കാന്‍ അനുവാദമുള്ളത്. ഗവര്‍ണറേറ്റുകളിലെ ഗതാഗത മന്ത്രാലയ കേന്ദ്രങ്ങളില്‍ പിഴത്തുക സ്വീകരിക്കില്ലെന്നും ബ്രിഗേഡിയര്‍ ജനറല്‍ വ്യക്തമാക്കി.
