നിത്യേനയുള്ള വില്‍പനയുടെ കണക്ക് സൂക്ഷിക്കാത്തതും ലോകോത്തര ബ്രാന്‍ഡുകളുടെ വ്യാജ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചതിനുമാണ് നടപടി.
കുവൈത്ത് സിറ്റി : മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണങ്ങള്‍ വില്‍പനയ്ക്കു വെച്ച ജ്വലറി അടച്ചു പൂട്ടി എന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് അധികൃതര്‍.
കുരിശ് മാലകള്‍ക്ക് വിലക്കെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ പറഞ്ഞു.
ക്രിസ്ത്യന്‍ മതചിഹ്നങ്ങള്‍ക്ക് കുവൈത്തില്‍ യാതൊരു വിലക്കുമില്ലെന്നും ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും അധികൃതര്‍ പറഞ്ഞു.
സ്വവര്‍ഗരതി പ്രോത്സാഹിപ്പിക്കുന്നതും സാത്താനുമായി ബന്ധമുള്ള ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്നതുമായ ആഭരണങ്ങള്‍ വില്‍പനയ്ക്കു വെച്ച ജ്വലറിക്കെതിരെയാണ് നടപടി എടുത്തത്. കുരിശ് മുദ്രണമുള്ള ആഭരണങ്ങള്‍ വില്‍ക്കുന്നതിന് യാതൊരു വിലക്കുമില്ല. രാജ്യത്തേക്ക് നിയമപരമായ മാര്‍ഗത്തിലൂടെ കൊണ്ടുവന്നതാണോ എന്ന് പരിശോധിക്കുകയും അഡ്മിനിസ്‌ട്രേഷന്റെ മുദ്ര പതിപ്പിക്കുന്നതിനും ആഭരണങ്ങള്‍ പരിശോധിക്കാറുണ്ട്.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി ആറു ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികള്‍ കുവൈത്തിലുണ്ട്. ഇവരുടെ ആരാധനയ്‌ക്കോ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനോ വിലക്കില്ല.
രാജ്യാന്തര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനും അറബിക് ഭാഷയിലല്ലാതെ ഇന്‍വോയ്‌സ് സൂക്ഷിച്ചതിനും മറ്റുമാണ് ജ്വലറിക്കെതിരെ നടപടി എടുത്തത്.
ആഭരണങ്ങള്‍ വിറ്റ ശേഷം ഇന്‍സ്റ്റാള്‍മെന്റായി പണം വാങ്ങുമ്പോള്‍ അമിത നിരക്ക് ഈടാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പരിശോധന നടത്തിയത്.