കോഴിക്കോട് : സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അണികളും പ്രാദേശിക നേതാക്കളും രംഗത്തിറങ്ങിയ കുറ്റ്യാടി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി തന്നെ മത്സരിച്ചേക്കും. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണു ഘടക കക്ഷിക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.
അതേസമയം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഐക്യത്തിനും കെട്ടുറപ്പിനുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കുകയാണെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പത്രക്കുറിപ്പില്‍ അറി യിച്ചു. ഇതോടെ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 12 ആയി. എ.എ.റഹീം അടക്കമുള്ള നേതാക്കളെയാണ് കുറ്റ്യാടിയില്‍ സിപിഎം പരിഗണി ക്കുന്നത്.
പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനറുമായി എല്‍ഡിഎഫ് തീരുമാനത്തിനെതിരെ ആയിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും തെരുവിലിറങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ അണികളുടെ പ്രതിഷേധം കണക്കിലെടുത്ത് കേരള കോണ്‍ഗ്രസിനു നല്‍കിയ സീറ്റ് സിപിഎം തിരിച്ചെടുക്കാന്‍ ആലോചിച്ചിരുന്നു. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നു സിപിഎം അറിയിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടി യേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.
കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസിലെ മുഹമ്മദ് ഇക്ബാലിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യെ വേണ്ടെന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആളെ വേണമെന്നുമായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം. കുഞ്ഞഹമ്മദ് കുട്ടിയുടെ പേര് ഇവര്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, സീറ്റ് തിരിച്ചെടുക്കാന്‍ സിപിഎം തയ്യാറായില്ല. പിന്നാലെ വലിയ ജനക്കൂട്ടം പ്രതിഷേധ വുമാ യി കുറ്റ്യാടി തെരുവിലിറങ്ങി.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം. സിപിഎം പ്രാദേശിക നേതൃത്വത്തിനും സമാന നിലപാടായിരുന്നു. കുഞ്ഞമ്മദ് കുട്ടി സ്ഥാനാര്‍ഥിയാക്കണമെന്നും സിപിഎം തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെട്ട് കുറ്റ്യാടിയില്‍ പലയിടത്തും നേരത്തെ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു.











