
കൊച്ചി : കേരള കാർട്ടുൺ അക്കാദമി വിശിഷ്ടാംഗവും മുതിർന്ന കാർട്ടൂണിസ്റ്റുമായിരുന്ന അന്തരിച്ച കേരളവർമ്മയുടെ ( കേവി ) ജന്മശതാബ്ദി സെപ്റ്റംബർ മാസം 22 ആം തീയതി സമുചിതമായി ആചരിക്കും. അദ്ദേഹത്തിൻ്റെ കാർട്ടൂണുകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമിയും ഉദയംപേരൂർ എകെജി സ്മാരക ഗ്രന്ഥശാലയും ചേർന്ന് ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹയർ സെക്കൻ്റട്രി സ്കൂൾ മൾട്ടി മീഡിയ തീയറ്ററിൽ 22 ന് വൈകീട്ട് 4 മണിക്കാണ് ചടങ്ങ്.
ചടങ്ങിൽ ഗ്രന്ഥശാല രക്ഷാധികാരി ടി രഘുവരൻ അദ്ധ്യക്ഷനാകും. കാർട്ടൂണിസ്റ്റും കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാനുമായ അഡ്വക്കേറ്റ് എം. എം. മോനായി മുഖ്യപ്രഭാഷണം നടത്തും. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻമാരായ സജ്ജീവ് ബാലകൃഷ്ണൻ, അനുപ് രാധാകൃഷ്ണൻ, ട്രഷറർ അഡ്വ പി.യു. നൗഷാദ്, ചിത്രകാരൻ ബിനുരാജ് കലാപീഠം, എഴുത്തുകാരൻ വെണ്ണല മോഹൻ എന്നിവരും ചടങ്ങിൽ സംസാരിക്കും.

ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂൺ രംഗത്ത് നെഹ്റുവിൻ്റെയും, ഇന്ദിര ഗാന്ധിയുടെയും കാലഘട്ടത്തിൽ കാർട്ടൂൺ രംഗത്ത് തിളങ്ങി നിന്ന മലയാളി കാർട്ടൂണിസ്റ്റായിരുന്നു കേരളവർമ്മ. കാർട്ടൂൺ കലയുടെ കുലപതി ശങ്കറിൻ്റെ ശിഷ്യനായിരുന്നു. ശക്തമായ കാർട്ടൂണുകളിലൂടെ ഒട്ടേറെ വിവാദങ്ങൾക്കും അദ്ദേഹത്തിൻ്റെ കാർട്ടൂണുകൾ കാരണമായിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഡൽഹിയിൽ തീഹാർ ജയിലിൽ മൂന്നുദിവസം അദ്ദേഹം തടവ്ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനൗദ്യോഗിക മുഖപത്രമായ ക്രോസ് റോഡ്, ഇന്ത്യൻ ലിസണർ , ശങ്കേഴ്സ് വീക്കിലി, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, ഈസ്റ്റേൺ ഇക്കോണമിസ്റ്റ്, തോട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.

ഹരിപ്പാട് എം വാസുദേവൻ നമ്പൂതിരിയുടെയും പൂയംനാൾ അംബാലികാ തമ്പുരാട്ടിയുടെയും മകനായി 1924 സെപ്റ്റംബർ 22 ആം തീയതിയാണ് കേരളവർമ്മ ഹരിപ്പാട് കോലകത്തിലാണ് ജനിക്കുന്നത്. തൃപ്പൂണിത്തുറ ഹിൽപാലസിൽ പത്മാലയത്തിൽ പത്മാവതി തമ്പുരാട്ടിയെ വിവാഹം ചെയ്തതോടുകൂടി തൃപ്പൂണിത്തുറയിലേക്ക് അദ്ദേഹം താമസം മാറ്റുകയായിരുന്നു. 2010 ജൂലൈ 23ന് അദ്ദേഹം തൃപ്പൂണിത്തുറയിൽ വിശ്രമ ജീവിതം നയിക്കവെ അന്തരിച്ചു.