ഫോട്ടോ: കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനും , ഇൻകം ടാക്സ് ജോയിന്റ് കമ്മിഷ്ണറുമായ ബി. സജ്ജീവ്, സംഗീത സംവിധായകൻ ബിജി ബാൽ, സുധീർ നാഥ്, കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ , പി.രാജീവ്,തൃക്കാക്കര നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ നൗഷാദ് വല്ലച്ചി എന്നിവരാണ് ചിത്രത്തിൽ.
കാർട്ടൂണുകൾ മനസിന് ആഹ്ളാദവും ആശ്വാസവുമേകാൻ ഈ കോവിഡ് കാലത്തും കഴിയുന്നുവെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കാർട്ടൂണിൻ്റെ വിമർശനശക്തിയും സാമൂഹിക പ്രസക്തിയും കൂടി വരികയാണ്. കാർട്ടൂണിസ്റ്റ് സുകുമാർ തൻ്റെ ഗുരുനാഥനായ കെ.എസ് പിള്ളയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ.എസ്. പിള്ള സ്മാരക ഫ്രീലാൻസ് കാർട്ടൂണിസ്റ്റിനുള്ള 2021 ലെ പുരസ്കാരം കാർട്ടൂണിസ്റ്റ് സുധീർനാഥിന് സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ സായാഹ്നങ്ങളിൽ ചിരി നിറച്ച സദസ്സുകൾ കൊണ്ട് സമ്പന്നമാക്കിയയാളാണ് സുകുമാർ. തിരുവന്തപുരത്തു നിന്ന് തൃക്കാക്കരയിലേക്ക് താമസം മാറിയെങ്കിലും അത്തരം സദസ്സുകൾക്കുള്ള അവസരം ഇവിടെ കോവിഡ് അനുവദിച്ചിട്ടില്ല. മഹാമാരിയുടെ കാലം മാറി ചിരി സന്ധ്യകൾ മടങ്ങി വരുമെന്ന് പ്രതീക്ഷിക്കാം. കാർട്ടൂൺ കുലപതി കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ജീവചരിത്രമുൾപ്പടെ നിരവധി പുസ്തകങ്ങൾ എഴുതിയ സുധീർനാഥിന് പുരസ്കാരം നൽകുന്നതിൽ സന്തോഷമുണ്ട്- മന്ത്രി പറഞ്ഞു. സുകുമാറിൻ്റെ വസതിയായ സാവിത്രിയിൽ ചേർന്ന ലളിതമായ ചടങ്ങിലായിരുന്നു അവാർഡ് ദാനം.. തൃക്കാക്കര നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി , സംഗീത സംവിധായകൻ ബിജി ബാൽ, മീഡിയ അക്കാദമി സെക്രട്ടറി സന്തോഷ് എൻ.പി തുടങ്ങിയവർ പങ്കെടുത്തു.കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് ചെയർമാൻ സജ്ജീവ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.