മസ്കത്ത്: അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിൽ നടക്കുന്ന 29 -ാമത് കാലാവസ്ഥാ ഉച്ചകോടിയിൽ ഒമാന്റെ പവിലിയൻ തുറന്നു. ഈ യോഗത്തിലും മുൻയോഗങ്ങളിലുമെല്ലാം എടുത്ത എല്ലാ തീരുമാനങ്ങൾക്കും സമ്പൂർണ പ്രതിബദ്ധതയിലൂന്നിയ ഒമാന്റെ നിലപാട് വ്യക്തമാക്കിയതാണെന്ന് ഊർജ, ധാതു മന്ത്രി എൻജിനീയർ സലിം ബിൻ നാസർ അൽ ഔഫി പറഞ്ഞു. ഊർജ സംക്രമണത്തിലും കാർബൺ ബഹിർഗമനം കുറക്കുന്നതിലും സ്വീകരിച്ച പ്രായോഗിക നടപടികൾ ഒമാൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒമാന്റെ പവിലിയൻ ഊർജ സംക്രമണവും 2050ഓടെ കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുമെന്ന് അവലോകനം ചെയ്യുന്നുവെന്ന് ഊർജ, ധാതു വകുപ്പ് മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണ മേഖലയിലെ ദേശീയ ശ്രമങ്ങൾ ഉയർത്തിക്കാട്ടുകയും കാർബൺ ബഹിർഗമനം കുറക്കാൻ നടത്തിയ ശ്രമങ്ങൾ അവലോകനം ചെയ്യുകയും ചെയ്തുകൊണ്ട് കാലാവസ്ഥാ ഉച്ചകോടിയിൽ സുൽത്താനേറ്റ് പങ്കെടുത്തത് വിജയകരവും ഫലപ്രദവുമാണെന്ന് പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ അബ്ദുല്ല ബിൻ അലി അൽ അമ്രി പറഞ്ഞു.
