വിശുദ്ധ മദർ തെരേസ
കാരുണ്യത്തിന്റെ അമ്മ, വിശുദ്ധ മദർ തെരേസ ഓർമയായിട്ട് ഇന്നേക്ക് 27 വർഷം. ജീവിച്ചിരിക്കെ തന്നെ വിശുദ്ധയെന്ന് ലോകം വാഴ്ത്തിയ മദർ തെരേസയെ 2016ലാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്ക സഭയിലെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തിയത്. 1910 ഓഗസ്റ്റ് 26ന് അൽബേനിയിലാണ് മദർ തെരേസയുടെ ജനനം. യഥാർഥ പേര് ആഗ്നസ് ബൊജ. 18-ാം വയസ്സിൽ അഗതികളെ ശുശ്രൂഷിക്കാനുള്ള ആഗ്രഹത്തോടെ അയർലൻഡിലെ ഡബ്ലിനിലെ കന്യാസ്ത്രീമഠത്തിൽ അന്തേവാസിയായി. അവിടെവെച്ചാണ് തെരേസ എന്ന പേര് സ്വീകരിച്ചത്. കൊൽക്കത്തയിൽ മിഷനറി പ്രവർത്തനത്തിനെത്തിയ ജസ്യൂട്ട് മിഷനറിമാരുടെ കത്തുകളിൽ നിന്നാണ് നഗരത്തിലെ മനുഷ്യവേദനകളെക്കുറിച്ച് അറിയുന്നത്. 19-ാം വയസ്സിൽ കൊൽക്കത്തയിലെത്തി. നഗരത്തിലെ ചേരികളായിരുന്നു
പ്രവർത്തനമേഖല.കുട്ടികൾക്കായി സ്കൂൾ തുടങ്ങിയായിരുന്നു സേവനങ്ങളുടെ തുടക്കം. നീല ബോർഡറുള്ള വെള്ള സാരി ധരിച്ച്, 1948 ഓഗസ്റ്റ് 17ന് കൊൽക്കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച മിഷനറീസ് ഓഫ് ചാരിറ്റി ലോകമെങ്ങും ലക്ഷക്കണക്കിന് പാവങ്ങൾക്ക് അഭയവും ആശ്രയവുമായി. തെരുവിലലഞ്ഞ കുരുന്നുകൾക്കും, വിശക്കുന്നവർക്കും രോഗബാധിതർക്കും ആരോരുമില്ലാത്തവർക്കും മദർ തെരേസ കാവൽമാലാഖയായി. കുഷ്ഠരോഗത്തിനും എയ്സിനും മുന്നിൽ ലോകം ഭയത്തോടെ വിറങ്ങലിച്ചുനിന്ന കാലത്ത് ശങ്കയൊന്നുമില്ലാതെ പരിചരണമൊരുക്കി.
മനുഷ്യൻ എന്ന സഹജീവിയുടെ സങ്കടങ്ങളും വേദനകളും മാത്രം കണ്ടു. 1951ൽ ഇന്ത്യൻ പൗരത്വമെടുത്ത മദർ തെരേസയെ പത്മശ്രീയും, ഭാരത രത്ന പുരസ്കാരവും നൽകി രാജ്യം ആദരിച്ചു. 1979 സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തേടിയെത്തി. 1997 സെപ്റ്റംബർ അഞ്ചിന് 87-ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു വിയോഗം. 2016 സെപ്റ്റംബർ നാലിനാണ് ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.