ന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്പുരിൽ അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ ബിഎസ്‌എഫ് പ്രതിനിധി സംഘം ഫിറോസ്പുരിലെ ജല്ലോക്ക് അതിർത്തി ഔട്ട്‌പോസ്റ്റിലെത്തി പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി ഫ്ലാഗ് മീറ്റ് നടത്തി. കാര്യമായ തീരുമാനങ്ങളെടുക്കാൻ കഴിയാതെ വന്നതോടെ ഇന്നു വീണ്ടും ഫ്ലാഗ് മീറ്റിങ് നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ബിഎസ്എഫ് ജവാനെ സുരക്ഷിതരായി തിരികെ കൊണ്ടുവരുന്നതിനായി പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി നല്ല ബന്ധം തുടരാനാണ് ശ്രമിക്കുന്നത്.
82 ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ.സാഹുവാണ് പാക്കിസ്ഥാന്റെ പിടിയിലായത്. കർഷകർക്കൊപ്പം നിയന്ത്രണ രേഖയ്ക്കു സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്നു സാഹു, വിശ്രമിക്കാനായി തണൽ തേടി പോയപ്പോഴാണ് പിടികൂടിയത്. അതിർത്തിക്കും സീറോ ലൈനിനും ഇടയിലുള്ള മേഖലയിലായിരുന്നു ജവാൻ. കഠിനമായ ചൂട് താങ്ങാനാവാതെ സമീപത്തെ മരച്ചുവട്ടിലേക്കു തണൽ തേടി നീങ്ങിയപ്പോഴാണ് രാജ്യാന്തര അതിർത്തി മുറിച്ചു കടന്നെന്ന പേരിൽ പാക്കിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്തത്.
പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും കടുത്ത നടപടികൾ പ്രഖ്യാപിച്ചിരിക്കെയാണ് സംഭവം. പാക്കിസ്ഥാൻ പൗരന്മാർ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യയും ഇനി ഇന്ത്യൻ പൗരന്മാർക്ക് വീസ നൽകില്ലെന്ന് പാക്കിസ്ഥാനും പ്രഖ്യാപിച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതു യുദ്ധസമാനമായ സാഹചര്യമാണെന്നാണ് പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനിടെയാണ് ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തത്.











