സുധീര്‍നാഥ്
കേരള സാംസ്ക്കാരിക രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ നൂറ് കണക്കിന് വ്യക്തിത്ത്വങ്ങള്‍ ത്യക്കാക്കരയിലുണ്ട്. അവരുടെ പല സംഭാവനകളും ചരിത്രത്തിന്‍റെ ഭാഗമായില്ല. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും ഇത്തരം രേഖപ്പെടുത്താത്ത വ്യക്തിത്ത്വങ്ങള്‍ ഉണ്ടാകും. യുവതലമുറയിലെ എത്രയോ പേര്‍ നേത്യനിരയിലുണ്ട്.
കേരള പോലീസിന്‍റെ ചരിത്രമെഴുതിയ കെ ജെ ജോര്‍ജ് ഫ്രാന്‍സിസ് എന്ന ജോയ് ത്യക്കാക്കരയോട് ചേര്‍ന്നാണ് താമസിക്കുന്നത്. അദ്ദേഹം പോലീസിലായിരുന്നു. കേരള പോലീസ് അസോസിയഷന്‍റെ ആദ്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇടപ്പള്ളി ടോളിലെ എകെജി വായനശാലയില്‍ എപ്പോഴും അദ്ദേഹത്തെ കാണാമായിരുന്നു. കോവിഡ് കാലത്ത് മരണപ്പെട്ട അദ്ദേഹം വായനശാലയുടെ സെക്രട്ടറി ആയിരുന്നു.
ത്യക്കാക്കര സാംസ്ക്കാരിക കേന്ദ്രം എന്ന പ്രസ്ഥാനം വളര്‍ന്ന് വന്നിട്ട് നാളേറെയായില്ല. എങ്കിലും ഈ വേദി ഇന്ന് ത്യക്കാക്കരയുടെ മുഖമായി മാറിയിരിക്കുന്നു. 2011ല്‍ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് സാംസ്കാരിക കേന്ദ്രത്തെ വളര്‍ത്തിയവരില്‍ പ്രധാനികള്‍ ചെമ്മനം ചാക്കോ, കെ കെ വിജയകുമാര്‍, കെ സി കെ നായര്‍, ജസ്റ്റിസ് സി എം രാമചന്ദ്രന്‍, ഡോ: എം സി ദിലിപ് കുമാര്‍(മുന്‍ കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍), പോള്‍ മേച്ചേനി, ജലീല്‍ താനത്ത് തുടങ്ങി എത്രയോ പേര്‍. ഡോ: എം സി ദിലിപ് കുമാറായിരുന്നു തുടക്കം മുതല്‍ ഏറെ കാലം തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡന്റ്.
സി ആര്‍ നീലകണ്ഠന്‍ കേരളത്തിന്‍റെ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതാവാണ്. സാമൂഹ്യ സാംസ്കാരിക മേഖലയില്‍ അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ സംസ്ഥാനമാകെ ചര്‍ച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം എഴുതിയിട്ടുള്ള ലേഖനങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ രീതി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും, അഭിനന്ദിക്കപെടുകയും ഉണ്ടായിട്ടുണ്ട്.
പി ജെ.ആന്‍റണിയുടെ ജീവിതം അരങ്ങില്‍ അടയാളപ്പെടുത്തിയ ശ്രദ്ധേയനായ നാടകകൃത്തും സംവിധായകനുമായ സഹീര്‍ അലി കേളി തീയറ്റേഴ്സിന്‍റെ ഉടമയും, ഇടതുപക്ഷ ആശയ പ്രചരണ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. ത്യക്കാക്കരയിലെ കലാകാരന്‍മാരെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് സഹീര്‍. കൊച്ചിയുടെ പാട്ടു ചരിത്രവും അനശ്വര ഗായകന്‍ മെഹ്ബൂബിന്‍റെ ജീവിതവും കോര്‍ത്തിണക്കിയ കാപ്പിരി തുരുത്ത് സിനിമയുടെ സംവിധായകനുമായ സഹീര്‍ അലി എറണാകുളത്തിന്‍റെ തന്നെ സാംസ്കാരിക മുഖമാണിപ്പോള്‍.
മാധ്യമ പ്രവര്‍ത്തകനും സിനിമ, ഡോകുമെന്‍ററി, സീരിയല്‍ സംവിധായകനുമായ പി കെ സുനില്‍നാഥ് പുകസ സംസ്ഥാന കമ്മറ്റി അംഗമാണ്. കേരള വിഷന്‍ ചാനലിന്‍റെ മുഖ്യ സംഘാടകനാണ് അദ്ദേഹം. ത്യക്കാക്കരയില്‍ പ്രാദേശികമായ പല സാംസ്കാരിക സംഘടനകളും ആരംഭിച്ചത് അദ്ദേഹത്തിന്‍റെ നേത്യത്ത്വത്തിലാണ്.
ത്യക്കാക്കരയില്‍ സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്നിരുന്ന വ്യക്തികളായിരുന്നു ചേലപ്പുറത്ത് സി ബി മുരളീധരന്‍ എന്ന മുരളിയും, കുമാറും. മുരളി ചിത്രകലയിലും, കുമാര്‍ അഭിനയത്തിലും തിളങ്ങി. ഇരുവരും ത്യക്കാക്കരയില്‍ ജനങ്ങളില്‍ വായനയും കലാലോകവും തുറന്നിട്ട് സഹ്യദയ വായനശാലയുടെ സാംസ്കാരിക വളര്‍ച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചു. ത്യക്കാക്കരയിലേയും പരിസരങ്ങളിലേയും ചുമരുകളില്‍ ഇടത് പക്ഷത്തിന് വേണ്ടി എഴുതിയും, വരച്ചും മുരളി ശ്രദ്ദേയനായപ്പോള്‍, കുമാര്‍ ത്യക്കാക്കര എന്ന പേരില്‍ നാടക രംഗത്ത് കേരളത്തില്‍ തന്നെ പ്രശസ്തനായി. ഇരുവരുടേയും സ്വാധീനത്തില്‍ കലാരംഗത്ത് ത്യക്കാക്കരയില്‍ നിന്ന് എത്രയോ പേര്‍ എത്തി. ചിത്രകാരായ മുരളീധരന്‍റെ സ്വാധീനവും ലേഖകനെ കാര്‍ട്ടൂണിസ്റ്റാക്കി മാറ്റിയതിന് ഒരു കാരണം എന്നതില്‍ ഒരു സംശയവുമില്ല. ത്യക്കാക്കരയിലെ ചുമരുകളില്‍ 1987ലെ തിരഞ്ഞെടുപ്പിന് കാര്‍ട്ടൂണുകള്‍ വരപ്പിച്ചത് അദ്ദേഹമായിരുന്നു. ഈ രംഗത്തേയ്ക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു അത്.
കുമാറിനെ കുറിച്ച് പറയുമ്പോള്‍ ത്യക്കാക്കരയില്‍ കഥാപ്രസംഗ രംഗത്തും, നാടക രംഗത്തും ചെറിയ രീതിയില്‍ അരങ്ങിലെത്തിയ മറ്റൊരു കലാകാരനായ ശ്രീകുമാറിനെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ത്യക്കാക്കര സഹ്യദയ വായനശാല പിന്നീട് കേസരി സഹ്യദയ വായനശാലയായി വികസിച്ചപ്പോള്‍ സ്പോര്‍ട്ട്സിലും, കലാ രംഗത്തും സജീവമായി. ഇപ്പോള്‍ ഓട്ടോ തൊഴിലാളികളുടെ നേതാവ്. കഥാപ്രസംഗ രംഗത്ത് ഉണിച്ചിറയില്‍ കല സൈക്കിള്‍സ് എന്ന കട നടത്തിയ പരമേശ്വരന്‍ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒട്ടേറെ പൊതുവേദിയില്‍ അദ്ദേഹം കഥകള്‍ അവതരിപ്പിച്ചു. കലാമണ്ഡലം സുഗന്ധി ത്യക്കാക്കരയില്‍ ന്യത്താദ്ധ്യാപികയാണ്. അവരുടെ ശിക്ഷണത്തില്‍ നൂറോളം നര്‍ത്തകിമാര്‍ ത്യക്കാക്കരയില്‍ തന്നെ ഉണ്ട്.
പുതുതലമുറയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സഹോദരങ്ങളാാണ് കഥാക്യത്ത് പി എഫ് മാത്യൂസിന്‍റെ മക്കളായ ഉണ്ണി മാത്യൂസും, റോക്കി ആനന്ദ് മാത്യൂസും. ഇരുവരും കരിക്ക് എന്ന യുട്യൂബ് ചാനലിലൂടെ സുപരിചിതരാണ് ഇപ്പോള്‍. പിതാവിന്‍റെ പിന്തുണ കൂടി ലഭിച്ചതോടെ അവരിരുവരും സിനിമാ രംഗത്തും പ്രവര്‍ത്തിക്കുന്നു. ഇ മ ഔ എന്ന സിനിമയുടെ പിന്നണിയില്‍ ഇരുവരും ഉണ്ട്.
മറ്റൊരു സഹോദരങ്ങള്‍ കൂടി ത്യക്കാക്കരയില്‍ നിന്ന് സിനിമ, നാടക രംഗത്ത് ഉണ്ട്. മനോജും വിനോദും. സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയം പഠിച്ചിറങ്ങിയ വിനോദും, ത്യപ്പൂണിത്തുറ ആര്‍എല്‍വിയില്‍ നിന്ന് ചിത്രരചനയില്‍ ബിഎഫ്എ പൂര്‍ത്തിയാക്കിയ മനോജും ചേര്‍ന്ന് നാടക രംഗത്ത് ശ്രദ്ധേയമായ ശേഷമാണ് സിനിമയിലെത്തിയത്. കോളേജ്, സ്ക്കൂള്‍ കലോത്സവങ്ങളില്‍ നാടകങ്ങളുടെ പരിശീലകരായ ഇവര്‍ സംവിധാനം ചെയ്ത സിനിമയാണ് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്. ഇവരുടെ കൂടെ പ്രവര്‍ത്തിക്കുന്ന ജതിന്‍ ജാതവേതന്‍ ദ്യശ്യമാധ്യമ രംഗത്ത് ശ്രദ്ധേയനും, ത്യക്കാക്കര സാംസ്കാരിക രംഗത്ത് സജീവവുമാണ്. ദ്യശ്യമാധ്യമ രംഗത്ത് നിന്ന് സിനിമാ രംഗത്ത് എത്തിയ പ്രതീഷ് വിജയന്‍ ത്യക്കാക്കര സ്വദേശിയാണ്. അപാര സുന്ദര നീലാകാശം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് പ്രതീഷ്. കൊച്ചിന്‍ സിങ്ങേഴ്സ് എന്ന ഗാനമേള ട്രൂപ്പ് നയിക്കുന്നത് ത്യക്കാക്കര സ്വദേശിയായ ശ്രീഹരിയാണ്. ത്യപ്പൂണിത്തുറ ആര്‍ എല്‍വി സംഗീത വിദ്യര്‍ത്ഥിയാണ്.