അഖില്‍, ഡല്‍ഹി.
ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിന്റെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തൊഴിലാളി സ്ത്രീ ജോലിക്കിടെ വഴിവക്കില്‍ പ്രസവിച്ചു. കണ്ടവര്‍ ആരും അത് തങ്ങളുടെ കാര്യമല്ലെന്ന മട്ടില്‍ കടന്നു പോയി. ഒടുവില്‍ വഴിപോക്കര്‍ ആരോ പോലീസില്‍ വിവരം അറിയിച്ചു പോലീസ് എത്തിയപ്പോള്‍ യുവതിയുടെ ജീവന്‍ പൊലിഞ്ഞു, നവജാത ശിശുവിനെ ആശുപത്രിയിലാക്കി. ഒന്നും സംഭവിക്കാത്തതുപോലെ പതിവു ബഹളങ്ങളും, ആരവങ്ങളുമായി നഗരം അടുത്ത ദിവസത്തിലേക്ക് കടന്നു. ഒരിക്കല്‍ ഒരു വഴി പോക്കനെ വാഹനം തട്ടി, തെറിച്ചു വീണ് ബോധം മറഞ്ഞ മനുഷ്യനെ ശ്രദ്ധിക്കാതെ തന്റെ വണ്ടിക്ക് വല്ലതും പറ്റിയോ എന്ന് തിരക്കുന്ന ടെമ്പോ ഡ്രൈവറെയാണ് സ്ഥലത്തെ ക്യാമറയില്‍ കണ്ടത്, അടുത്തുകൂടെ കടന്നു പോയ ഒരു റിക്ഷക്കാരന്‍ ഇറങ്ങി വന്ന് വീണുകിടക്കുന്ന വഴിപോക്കന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് മടങ്ങുന്നതാണ് അടുത്ത രംഗം. കനിവില്ലാത്ത ഒരു നഗരത്തെ വര്‍ണിക്കാന്‍ ഇതില്‍ക്കൂടുതല്‍ അനുഭവങ്ങള്‍ ആവശ്യമില്ല. നഗരത്തില്‍ ദിവസങ്ങളോളം വഴി വക്കില്‍ വീണുകിടക്കുന്ന മനുഷ്യരെ കാണാറുണ്ട്. ചിലപ്പോള്‍ രോഗം മൂര്‍ഛിച്ച് വീണതാകാം. ആരെങ്കിലും പണം തട്ടാന്‍ മയക്കുമരുന്ന് കൊടുത്തതാകാം, വീണ് പരിക്കേറ്റതാകാം ആരും ശ്രദ്ധിക്കാതെ ദിവസങ്ങളോളം കിടക്കും ജീവനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം സ്വയം എഴുന്നേറ്റ് പൊയ്‌ക്കൊള്ളും.

ഹൃദയമില്ലാത്ത നഗരം എന്ന് വന്‍ നഗരങ്ങളെക്കുറിച്ച് പറയാറുണ്ട്. ഏറ്റവും ഹൃദയ ശൂന്യരായ ജനത ഏതു നഗരത്തിലാണുള്ളത് എന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിക്കുതന്നെയാണ് ആ വിശേഷണം. കാരണം മറ്റൊന്നുമല്ല
മനുഷ്യ ജീവനോട് പരിഗണനയില്ലാത്ത ഇതുപോലരു ഒരു നഗരം ഇന്ത്യയില്‍ വേറെ ഉണ്ടാകില്ല. ഓരോ നാല്‍ക്കവലകളിലും, ഓരോ വിളക്ക് കാലിനു ചുവട്ടിവും അവരുണ്ട് തെരുവിന്റെ മക്കള്‍ എന്ന് ആലങ്കാരികമായി വിളിക്കപ്പെടുന്ന തെരുവ് ജീവിതങ്ങള്‍. ചുട്ടുപൊള്ളുന്ന വെയിലിലും, ശരീരത്തില്‍ സൂചിമുനകളാഴ്ത്തുന്ന ശൈത്യത്തിലും അവര്‍ അവിടെതന്നെയുണ്ടാകും. വഴികാട്ടുന്ന സിഗ്നല്‍ ലൈറ്റുകള്‍ ചുവക്കുമ്പോള്‍ കൈക്കുമ്പിള്‍ നീട്ടിയെത്തുന്ന ദൈന്യതയുടെ മുഖങ്ങളെ നഗരത്തിലെ മനുഷ്യര്‍ക്ക് വെറുപ്പും പുഛവുമാണ്. ഈര്‍ഷ്യയോടെ അറപ്പോടെ മുഖം തിരിക്കുന്നവരും, ആട്ടിയോടിക്കുന്നവരുമാണ് അധികവും. വഴിവക്കിലെ പശുക്കള്‍ക്കും, പറവകള്‍ക്കും, നായ്ക്കള്‍ക്കും ഭക്ഷണവും വെള്ളവും കൊടുക്കുന്നവര്‍ പോലും വഴിവക്കില്‍ വീണുകിടക്കുന്നവരെയും, ശരീരം പുഴുവരിച്ച മനുഷ്യരെയും കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്.

തലസ്ഥാന നഗരത്തിലെ വഴിയോരങ്ങളില്‍ കഴിയുന്നവരെക്കുറിച്ച് കൃത്യമായ കണക്കുകളോ അവരെ പുരധിവസിപ്പിക്കാനോ സഹായിക്കാനോ സംവിധാനങ്ങളോ ഇല്ല. ഡല്‍ഹിയില്‍ യാത്രചെയ്യുന്നവരെ പെട്ടെന്ന് ആകര്‍ഷിക്കുന്നത് തെരുവോരത്ത് കൈനീട്ടുന്ന യാചക ബാല്യങ്ങളെയും, മക്കള്‍ ഉപേക്ഷിച്ച വൃദ്ധരെയെ ഒക്കെയായിരിക്കും. ശൈത്യകാലത്ത് ഓരോ തെരുവിലും അനവധി മനുഷ്യര്‍ തണുത്ത് മരവിച്ച് മരിക്കാറുണ്ട്, നഗരവാസികളെ സംബന്ധിച്ച് അവയെല്ലാം പതിവ് കാഴ്ചയില്‍ കവിഞ്ഞ ഒരു ചലനവും ഉണ്ടാക്കാറില്ല.

മഹാനഗരത്തെ മോടിപിടിപ്പിക്കാനും വര്‍ണാഭമാക്കാനുമുള്ള എല്ലാം സംരംഭങ്ങളും ദൈനതയാര്‍ന്ന ഈ മുഖങ്ങള്‍ നിഷ്പ്രഭമാക്കുന്നു എന്നതാണ് സത്യം. എല്ലാവരുടെയും ആയിരിക്കുമ്പോഴും ഈ മഹാനഗരം ആരുടെയുമല്ല എന്നും പറയേണ്ടിവരും കാരണം ഇവിടെ ആര്‍ക്കും ആരോടും പ്രതിബദ്ധതയില്ല, അതിനാല്‍ത്തന്നെ തെരുവില്‍ ഒരു മനുഷ്യന്‍ പുഴുവരിച്ച് കിടന്നാല്‍ ആരും പരിഗണിക്കാറില്ല. എല്ലാവരും എവിടെ
നിന്നക്കെയോ ജീവിക്കാനായി എത്തിയവര്‍. മാത്രമല്ല നഗരത്തിലെത്തുന്ന ഓരോ വ്യക്തികളും അവരുടെ സമൂഹം, ഭാഷ, പ്രദേശം തുടങ്ങി ചെറിയ തുരുത്തുകളിലേക്ക് ഒതുങ്ങുകയാണ്. ദേശീയതയും രാജ്യസ്‌നേഹവും പറയുമെങ്കിലും പലരും എണ്ണമറ്റ വൈരുദ്ധ്യങ്ങളുടെ അടിമകളാണ്.
ഒരിക്കലും ഒരു സര്‍ക്കാരിന്റെയോ, പാര്‍ട്ടികളുടെയോ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇടംപിടിക്കാത്ത ജനതയും തെരുവിലെ ജന്മങ്ങളാണ്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടുന്ന ശതകോടീശ്വരന്മാരുടെ രാജ്യമാണ് നമ്മളുടേത് എന്ന് ചിന്തിക്കുമ്പോഴാണ് മനുഷ്യ ജീവിതത്തിന്റെ കണക്കില്‍ നാം ഏറെ പിന്നിലായിപ്പോയി എന്ന് മനസിലാകുന്നത്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇത്രയേറെ അഗാധമായിട്ടുള്ള സമ്പദ് വ്യവസ്ഥകള്‍ ലോകത്ത് അപൂര്‍വ്വമാണ്.

രാജ്യം 74-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രധാനമന്ത്രി ത്രിവര്‍ണ പതാകയേറ്റിയ ചെങ്കോട്ടയ്ക്ക് എതിര്‍വശത്തെ പുരാതനമായ ജുമാമസ്ജിനദിന് സമീപത്തെ തെരുവില്‍ നിത്യവും വേദനിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്, ഹോട്ടലുകള്‍ക്ക് മുന്നില്‍ സക്കാത്ത് ഭക്ഷണം നല്‍കാനെത്തുന്ന നല്ല മനുഷ്യരെ കാത്ത് പൊരിവെയിലില്‍ നിലത്ത് കുത്തിയിരിക്കുന്ന സാധുക്കള്‍. സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ട് പിന്നിടുമ്പോഴും വിശപ്പടക്കാന്‍ അന്യന്റെ ദയാദാക്ഷിണ്യം കാത്തിരിക്കുന്നവര്‍ നമ്മുടെ രാജ്യത്തിന് അപമാനമാണെന്ന് തിരിച്ചറിയാന്‍ ഇനിയെത്ര വര്‍ഷങ്ങള്‍ വേണം.

ലോകത്തെവിടെയും തെരുവിലെ മനുഷ്യരെ ഒരു പ്രത്യേക വര്‍ഗമായോ വിഭാഗമായോ കണക്കാക്കുന്നു, പക്ഷെ വികസിത രാജ്യങ്ങളില്‍ അവര്‍ക്ക് ചില പ്രത്യേക സ്ഥലങ്ങളോ, ഉപജീവനത്തിന് എന്തെങ്കിലും മാര്‍ഗങ്ങളോ അനുവദിച്ച് കൊടുക്കാറുണ്ട്.

മാത്രമല്ല തെരുവിന്റെ ഏതെങ്കിലും കോണിലോ, ഭൂമിക്കടിയിലെ സഞ്ചാരപഥങ്ങളിലോ പാട്ടുപാടിയും വാദ്യോപകരണം വായിച്ചും ജീവിക്കുന്നവരോട് അല്‍പം ദയ കാട്ടാന്‍ പാശ്ചാത്യര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്തെ രീതി തീര്‍ത്തും വ്യത്യസ്ഥമാണ്, ഭിക്ഷയാചിക്കുന്നവനോട് പുഛം കലര്‍ന്ന വെറുപ്പാണ് പൊതുജനത്തിന്. വിശന്ന് വലഞ്ഞവന്റെ ശരീരത്ത് തിളച്ച വെള്ളമൊഴിച്ച ശീലമാണ് വന്‍നഗരങ്ങളിലെ മനുഷ്യര്‍ക്ക്. വൃദ്ധരായ മാതാപിതാക്കളെ പാതയോരത്ത് ഉപേക്ഷിക്കുന്ന പതിവും ഈ നഗരത്തിനുണ്ട്. ഒരിക്കല്‍ മെച്ചമായ ജീവിതം നയിച്ചവരാണിവര്‍ ആരോഗ്യവും പണവും ക്ഷയിക്കുമ്പോള്‍ മക്കള്‍ക്ക് പോലും വേണ്ടാതാകുമ്പോള്‍ വേദനജനകായ അവരുടെ അന്ത്യം പലപ്പോഴും പാതയോരത്താകുന്നു. അതിശൈത്യത്തിലും അത്യുഷ്ണത്തിലും തെരിവില്‍ മരിക്കുന്ന തിരിച്ചറിയാത്ത ജഡങ്ങളിലൊന്നായി എണ്ണപ്പെടുന്നവരും ധാരാളമാണ്.
മദ്യവും മയക്കുമരുന്നും, ഭിക്ഷാടന മാഫിയകളും ഭരിക്കുന്ന തെരുവിന്റെ നീതിമറ്റൊന്നാണ്. മദ്യപാനികളെന്നും മയക്കുമരുന്നിന് അടിപ്പെട്ടവരെന്നും വിളിക്കുമ്പോഴും നമ്മള്‍ മറക്കരുതാത്ത ഒരു കാര്യമുണ്ട്, അഴുക്കും പൊടിയും ദുര്‍ഗന്ധവും നിറഞ്ഞ തെരുവില്‍ വാഹനങ്ങളുടെ പുകയും ശബ്ദവും എല്ലാ സഹിച്ച് ഉറങ്ങണമെങ്കില്‍ ഞരമ്പുകളെ തളര്‍ത്തുന്ന ശക്തിയേറിയ മരുന്നുകള്‍ തന്നെയാണ് ശരണം. പരിഷ്‌കൃത സമൂഹം ഒരിക്കലും അവരുടെ കണ്ണിലൂടെ ആ ജിവിതങ്ങളെ കാണാന്‍ ശ്രമിക്കാറില്ല.

ഒറ്റപ്പെടലിന്റെ, തിരസ്‌കാരത്തിന്റെയും വഞ്ചനയുടെയുമെല്ലാം അനവധി കഥകളാണ് തെരുവിന്റെ മൂലയില്‍ കാണുന്ന ഓരോ ജീവിതവും.
‘ഒരു സംസ്‌കാരം ഉറുളടഞ്ഞ് അന്യം നിന്ന് പോകുന്നതും ഒരു മനുഷ്യന്‍ വിശന്ന് മരിക്കുന്നതുമാണ് മാനവ കുലത്തിന്റെ ഏറ്റവും വലിയ ദുരന്തം’ എന്ന് എഴുതിയ വിക്ടര്‍ ഹ്യൂഗോയെ നാം വായിക്കുന്നു.
മനുഷ്യന്റെ വ്യഥകളോട് ക്രിയാത്മകമായി സംവദിക്കാത്ത ഒരു രാഷ്ട്രീയ സംഹിതയും എക്കാലവും നിലനില്‍ക്കില്ലെന്നും നമുക്കറിയാം. പക്ഷെ മാറ്റത്തിനായുള്ള ഒരു അടയാളങ്ങളും കാണാത്തിടത്ത് നാം പ്രതീക്ഷ നശിച്ചവരായിപോകുന്നു.

രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളോടുള്ള ഭരണകൂടങ്ങളുടെ സമീപനങ്ങളെ വിമര്‍ശിച്ച മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ പറഞ്ഞു, സഹജീവികളോട് അലിവ് തോന്നാത്തിടത്തോളം കാലം നാം കെട്ടിപ്പൊക്കുന്ന മാളികകളും പൊങ്ങച്ചങ്ങളും എല്ലാം ചാണക കുഴിക്ക് നടവില്‍ തീര്‍ത്ത
മണിമാളിക പോലെയാകും.


















