സുധീര്‍ നാഥ്
2011ല്‍ പുറത്തിറങ്ങിയ കണ്‍ടേജിയന്‍ എന്ന സിനിമ ഇപ്പോള്‍ പൊട്ടിപുറപ്പെട്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രവചിക്കുന്ന സ്വഭാവമുള്ളതാണ്. അമേരിക്കന്‍ സംവിധായകന്‍ സ്റ്റീവന്‍ സോഡര്‍വര്‍ഗാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ന് നമ്മള്‍ തത്സമയം വാര്‍ത്താ ചാനലുകളില്‍ കാണുന്ന പല സംഭവങ്ങള്‍ക്കും സമാനമായ പല രംഗങ്ങളും ഈ സിനിമയില്‍ കാണാം. വൈറസിന്‍റെ പകര്‍ച്ച തടയുന്നതിന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന പലതും, തുടര്‍ച്ചയായി ക്കൈ കഴുകണമെന്നതും, ഷേക്ക്ഹാന്‍റ് ഒഴിവാക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശവും, മറ്റും മറ്റും സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മറ്റ് സിനിമകളില്‍ നിന്ന് ഈ സിനിമയ്ക്ക് യാഥാര്‍ത്ഥ്യങ്ങളോട് കൂടുതല്‍ അടുപ്പമുണ്ടെന്നത് വേറിട്ടു നിര്‍ത്തുന്നു.
ഇന്ത്യയില്‍ വൈറസ് വിഷയമായി ഒരു ഡസനിലേറെ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. തമിഴ് സിനിമകളാണ് കൂടുതലായി വൈറസുകള്‍ വിഷയമാക്കി വന്നിട്ടുള്ളത്. രണ്ടാമതായി തെലുങ്ക് സിനിമയും. റയ്സ് ഓഫ് ദി സോംബി എന്ന ഇന്ത്യന്‍ സിനിമയില്‍ ഒരു വന്യജീവി ഫോട്ടോഗ്രാഫറെ ഒരു മ്യഗം കടിക്കുകയും വൈറസ് ബാധ ഉണ്ടാകുകയും ചെയ്യുന്നു. വൈറസ് ബാധയുടെ ഭീകരതയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അസാന്‍ എന്ന മറ്റൊരു ഇന്ത്യന്‍ സിനിമ പറയുന്നത് വൈറസിന്‍റെ ബയോളജിക്കല്‍ ആയുധമാക്കിയുള്ള ആക്രമണത്തെ കുറിച്ചാണ്. ഗോ ഗോവ ഗോണ്‍ എന്ന സിനിമ ഗോവയില്‍ വിനോദത്തിനെത്തുന്ന യുവാക്കള്‍ക്ക് വൈറസ് ബാധ ഏല്‍ക്കുന്നതാണ്. ദി ഡെഡ് പാര്‍ട്ട് ടു എന്ന മറ്റൊരു സിനിമ പൂര്‍ണ്ണമായും ഇന്ത്യന്‍ സിനിമ അല്ലെങ്കിലും കഥ നടക്കുന്നത് ഇന്ത്യയിലാണ്. സോമാലിയയില്‍ ഇന്ന് ഇന്ത്യയിലെത്തുന്ന വൈറസ് പടരുന്നതും, അത് തിരിച്ചറിഞ്ഞ രാജസ്ഥാനിലെ ഒരു എന്‍ജിനിയര്‍ വൈറസ് ബാധ ഏറ്റെവരെ ഇല്ലായ്മ ചെയ്ത് മറ്റുള്ളവരെ രക്ഷിക്കുന്നു.
2014ല്‍ തമിഴില്‍ പുറത്തിറങ്ങിയ വായ് മൂടി പേശവും എന്ന ബാലാജി മോഹന്‍ സംവിധാനം ചെയ്ത സിനിമ പറയുന്നതും ഒരു വൈറസ് കഥയാണ്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരില്‍ ഈ സിനിമ മലയാളത്തിലും നിര്‍മ്മിച്ചിട്ടുണ്ട്. മ്യൂട്ട് ഫ്ളു എന്ന രോഗം വൈറസ് മൂലം പടര്‍ന്ന് ജനങ്ങളില്‍ സംസാരശേഷി നഷ്ടപ്പെടുത്തുന്നതാണ് കഥ. പട്ടണത്തില്‍ ആരും സംസാരിക്കരുതെന്ന നിയമം വരുന്നതും, വൈറസിനെ തുരത്തുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുമാണ് സിനിമയില്‍.
2015ല്‍ പ്രശസ്ത തമിഴ് സംവിധായകന്‍ ശങ്കറിന്‍റെ ഐ എന്ന സിനിമ വൈറസിനെ വിഷയമാക്കിയതാണ്. വിക്രമാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പകരുന്ന വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുകയും, പ്രായമായവരെ പോലെ യുവാക്കളെ മാറ്റുന്നതുമാണ് സിനിമയില്‍. മിരുതന്‍ എന്ന തമിഴ് സിനിമയും ദശാവതാരം എന്ന കമലാഹാസന്‍ സിനിമയും വൈറസ് കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. ഗോസ്റ്റ് സ്റ്റോറി എന്ന സിനിമയില്‍ നാല് കഥകളാണ് ഉള്ളത്. അതില്‍ ഒരു കഥ വൈറസിനെ കുറിച്ചാണ്.