കോവിഡ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ എൻഫോഴ്‌സിങ്ങ് ഏജൻസിയായ പോലീസിന് കൂടുതൽ ചുമതല നൽകി ഉത്തരവായി.
ജില്ലാ മജിസ്‌ട്രേറ്റ് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവി വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അവ കർശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്തണം. കണ്ടെയിൻമെന്റ് സോണുകളിൽ രോഗപ്രതിരോധ മാർഗ്ഗങ്ങളായ സാമൂഹിക അകല പാലനം, മാസ്‌ക് ധരിക്കൽ, ഹോം ക്വാറന്റയിൻ ഉറപ്പുവരുത്തൽ, അനാവശ്യ യാത്രകൾ ഒഴിവാക്കൽ തുടങ്ങിയവ ബന്ധപ്പെട്ട ജില്ലാ പോലീസ് ഉറപ്പാക്കണം.
ഒരു പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പോലുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ജില്ലാ പോലീസ് മേധാവി ഇത് സംബന്ധിച്ച ശിപാർശ ജില്ലാ മജിസ്‌ട്രേറ്റിന് നൽകുകയും ജില്ലാ മജിസ്‌ട്രേറ്റ് അത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും വേണം. ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിലേക്കും കണ്ടെയിൻമെന്റ് സോണുകളിലേക്കുമുള്ള എൻട്രി, എക്‌സിറ്റ് പോയിന്റുകൾ ജില്ലാ പോലീസ് തീരുമാനിച്ച് ഈ പ്രദേശങ്ങളിലേക്കുള്ള സഞ്ചാരം ഈ മാർഗ്ഗങ്ങളിലൂടെ മാത്രമാണെന്ന് ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.











