ദുബായ് : പകുതിയിലധികം കുട്ടികളും ഓൺലൈനിൽ അപരിചിതരുമായി ബന്ധപ്പെടുന്നുവെന്ന് റിപ്പോർട്ട്. 40 ശതമാനം പേർ ദോഷകരമായ ഓൺലൈൻ ഉള്ളടക്കത്തിന് വിധേയരായി. യുഎഇ ഉൾപ്പെടെ ആറ് രാജ്യങ്ങളിലെ 25,000ത്തിലേറെ കുട്ടികളിലും രക്ഷിതാക്കളിലും മൊബൈൽ നിർമാണ കമ്പനിയായ ഹ്യൂമൻ മൊബൈൽ ഡിവൈസസും പെർസ്പെക്റ്റസ് ഗ്ലോബലിനും നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെട്ടത്.മൂന്ന് കുട്ടികളിൽ ഒരാൾക്ക് സംഭാഷണങ്ങൾ സ്വകാര്യ സന്ദേശമയയ്ക്കൽ ആപ്പുകളിലേക്ക് മാറ്റാൻ അപരിചിതർ ആവശ്യപ്പെട്ടു. 56 ശതമാനം കുട്ടികൾ ഓൺലൈനിൽ അപമാനിക്കപ്പെടുകയോ അപകർഷതാബോധമുണ്ടാക്കുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്തു. ഓഫ്‌ലൈൻ ലോകത്ത് കുട്ടികളോട് അമിതമായി സംരക്ഷണം കാണിക്കുന്നുണ്ടെങ്കിലും ഓൺലൈൻ ലോകത്തേക്ക് കടക്കുമ്പോൾ വേണ്ടത്ര സംരക്ഷണം നൽകുന്നില്ലെന്ന് എഎംഇഎ മേഖലയിലെ എച്ച്എംഡി ഗ്ലോബൽ വൈസ് പ്രസിഡന്റ് സൻമീത് സിങ് കൊച്ചാർ പറഞ്ഞു. ഡിജിറ്റൽ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ കുട്ടികൾക്ക് മാർഗനിർദേശം നൽകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.












