ഓഹരി വിപണി പോയ വാരം ശക്തമായ ചാഞ്ചാട്ടത്തിലൂടെയാണ് കടന്നു പോയത്. 10,607 പോയിന്റിലാണ് ജൂലായ് 3ന് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. അവിടെ നിന്നും 10,847 പോയിന്റ് വരെ പോയ വാരം നിഫ്‌റ്റി ഉയര്‍ന്നു. പക്ഷേ അതൊടൊപ്പം ചാഞ്ചാട്ടവും ശക്തമായി.
10,800ല്‍ നിഫ്‌റ്റിക്ക് സമ്മര്‍ദമുണ്ട്. ഈ സമ്മര്‍ദ നിലവാരം ശക്തമായി തുടരുകയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്‌തത്. രണ്ട് തവണ ഈ നിലവാരത്തിലെത്തിയതിനു ശേഷം വില്‍പ്പന നടക്കുന്നതാണ് കണ്ടത്. അതേ സമയം ആ നിലവാരത്തില്‍ നിന്ന് കാര്യമായി താഴേക്ക് പോകാതെ വിപണി പിടിച്ചുനില്‍ക്കുകയും ചെയ്തു.
റീട്ടെയില്‍ നിക്ഷേപകരുടെയും എച്ച്‌എന്‍ഐകളുടെയും നിക്ഷേപം വര്‍ധിച്ചുവെന്നതാണ് ജൂലൈയില്‍ കാണുന്ന പ്രധാന പ്രവണത. നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപം അല്‍പ്പം കുറഞ്ഞെങ്കിലും റീട്ടെയില്‍ നിക്ഷേപകര്‍ അതിന്റെ കുറവ് നികത്തിയിട്ടുണ്ട്.
ബാങ്കിംഗ് ഓഹരികളാണ് പോയ വാരം മികച്ച നേട്ടം രേഖപ്പെടുത്തിയത്. ബാങ്കുകളുടെ വായ്‌പ കൂടുന്നുവെന്ന സൂചന ഓഹരികളുടെ പ്രകടനത്തെ തുണച്ചു. പ്രത്യേകിച്ച് സ്വകാര്യ ബാങ്കുകള്‍ക്ക് ആണ് ഈ സൂചന ഗുണകരമാകുന്നത്. ധനകാര്യ മന്ത്രാലയം പൊതുമേഖലാ ബാങ്കുകള്‍ക്ക് അധിക മൂലധന നല്‍കിയേക്കുമെന്ന വാര്‍ത്തയും ഗുണകരമായി.
ഫിബനോഷി റേഷ്യോ പ്രകാരം 11,300 പോയിന്റിലാണ് നിഫ്‌റ്റിക്ക് അടുത്ത പ്രതിരോധം. 10,800 പോയിന്റിലെ സമ്മര്‍ദം ഭേദിക്കാന്‍ സാധിച്ചാല്‍ 11,300 നിലവാരത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. അടുത്തയാഴ്‌ച 10,500നും 11,300നും ഇടയില്‍ നിഫ്‌റ്റി വ്യാപാരം ചെയ്യാനാണ് സാധ്യത.
മികച്ച മണ്‍സൂണ്‍ ലഭ്യമാകുന്നത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിനും ഡിമാന്റ് വര്‍ധിക്കുന്നതിനും സഹായകമാകുമെന്ന പ്രതീക്ഷയാണ് വിപണിയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകം. ചൈനയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം കുറഞ്ഞതും വിപണിക്ക് തുണയേകുന്നു. അതേ സമയം ലോകവ്യാപകമായി കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.
ആഗോള സൂചനകള്‍ തന്നെയാകും അടുത്തയാഴ്‌ചയും വിപണിക്ക് നിര്‍ണയാകം. ചാഞ്ചാട്ടം ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.