മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് നേരിട്ടു. ഓഹരി വിപണി രണ്ടാഴ്ചത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിയുന്ന താണ് ഇന്ന് കണ്ടത്. അതേ സമയം താഴ്ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടിയതിനെ തുടര്‍ന്ന് നഷ്ടം ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിച്ചു.
14,745 പോയിന്റ് വരെ ഇടിഞ്ഞ നിഫ്റ്റി ആ നിലവാരത്തില്‍ നിന്നും അവസാന മണിക്കൂറില്‍ 200 പോയിന്റിലേറെ ഉയര്‍ന്നു. 14,929ലാണ് നിഫ്റ്റി ക്ലോസ്ചെയ്തത്.
മെറ്റല്‍, ടെക്നോളജി ഓഹരികളിലുണ്ടായ കരകയറ്റമാണ് തുണയായത്. ബാങ്കിംഗ് ഓഹരികളും താഴ്ന്ന നിലവാരത്തില്‍ നിന്നും കരകയറി. ഇന്ന് നിഫ്റ്റി മെറ്റല്‍ സൂചിക ഒരു ശതമാനവും ഐടി സൂചിക 0.6 ശതമാനവും ഉയര്‍ന്നു. വ്യാപാരത്തിനിടെ ആയിരം പോയിന്റിലേറെ ഇടിഞ്ഞ ബാങ്ക് നിഫ്റ്റി താഴ്ന്ന നിലവാരത്തില്‍ നിന്നും 750 പോയിന്റോളം തിരികെ കയറി. 0.88 ശതമാനം ഇടിഞ്ഞ ബാങ്ക് നിഫ്റ്റി 35,182ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഫാര്‍മ സൂചിക 1.3 ശതമാനം ഇടിഞ്ഞു.
വ്യാപാരത്തിന്റെ തുടക്കത്തില്‍ വേറിട്ട പ്രകടനം കാഴ്ച വെച്ച മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ നിഫ്റ്റിക്ക് സമാനമായ നഷ്ടമാണ് വ്യാപാരാ ന്ത്യത്തില്‍ നേരിട്ടത്. നിഫ്റ്റി മിഡ്കാപ് സൂചിക 0.7 ശതമാനവും സ്മോള്‍കാപ് സൂചിക 0.8 ശതമാനവും നഷ്ടം നേരിട്ടു.