വിദേശ രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയാന്‍ പോലീസിന്റെ സഹായത്തോടെ പദ്ധതി
ദുബായ് : വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് തടയിടാനായി തയ്യാറാക്കിയ പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസ ലോകം. ഓപറേഷന്‍ ശുഭയാത്ര എന്ന പേരിലാണ് പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും ഇ മെയിലും പോലീസിന്റെ സഹായത്തോടെ നോര്‍കയും സഹകരിച്ച് സജ്ജമാക്കിയിട്ടുണ്ട്.
കേന്ദ്ര വിദേശ കാര്യ വകുപ്പിന്റെ കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍കയും സംയുക്തമായാണ് ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്.
വിദേശ രാജ്യത്തെ നഴ്‌സിംഗ് ഉള്‍പ്പടെയുള്ള തൊഴിലുകള്‍ക്കായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ പലപ്പോഴും വ്യാജമായി നടക്കാറുണ്ട്. കിടപ്പാടം വിറ്റും വായ്പയെടുത്തും നിരവധി പേര്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായി പണം നല്‍കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്.
ഇത്തരം തട്ടിപ്പുകളെ കണ്ടെത്തുന്നതിിനും തടയുന്നതിനുമായാണ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുക. വീസ തട്ടിപ്പുകളും അനധികൃത റിക്രൂട്ട്‌മെന്റുകളും നിരവധി നടക്കുന്നതിനാലാണ് പുതിയ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
തട്ടിപ്പുകളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഹെല്‍പ് ലൈനില്‍ അറിയിക്കണം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്ന മെയില്‍ വഴിയും 0471-2721547 എന്ന നമ്പര്‍ വഴിയും പരാതികള്‍ നല്‍കാം.
മനുഷ്യക്കടുത്ത് തടയുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയുന്നതിനും പോലീസിന്റെ സൈബര്‍ സെല്ലിന്റെ സഹായം ലഭ്യമാകും.











