”മരണം മരിക്കുന്നില്ല…
അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയും
വേണ്ടപ്പെട്ടവരുടേയും
സ്‌നേഹം കൊണ്ട് നാം
മരണത്തെ ജയിക്കുന്നു..
മരണത്തോട്
അഹങ്കരിക്കരുതെന്ന്
പറയുന്നു…”
ഇത് ഒരു നോവലില്‍ നിന്നോ..
ചെറുകഥയില്‍ നിന്നോ..
തത്വചിന്താ പുസ്തകത്തില്‍
നിന്നോ ഉള്ള ഉദ്ധരണിയല്ല…
ഒരു വിമര്‍ശകന്റെ
ആത്മകഥാപരമായ
കുറിപ്പുകളിലെ
നിരീക്ഷണമാകുന്നു
കെ.പി. അപ്പന്റെ ‘..
തനിച്ചിരിക്കുമ്പോള്‍
ഓര്‍മ്മിക്കുന്നത്..’
എന്ന പുസ്തകത്തിലേത്..
ആ പ്രതിഭയുടെ ഏകാന്ത
സഞ്ചാരപഥങ്ങളും അതില്‍
നിറയുന്ന വിശ്വാസത്തിന്റേയും..
അവിശ്വാസത്തിന്റേയും…
സൗന്ദര്യതളിമങ്ങളും..
അസാധാരണമായ
ഈ ആത്മകഥയില്‍
സ്പന്ദിക്കുന്നത്
തൊട്ടറിഞ്ഞുകൊണ്ട്…
വീട്ടിലെത്തുന്ന അതിഥികളെ
പരിചയപ്പെടുന്ന
ശീലം പോലും ഇല്ലാത്ത കുട്ടിയായിരുന്നു
കെ പത്‌നാഭന്‍ അപ്പന്‍.. മുതിര്‍ന്നപ്പോഴും
വലിയ മാറ്റം ഒന്നുമില്ല.. ഉള്ളൊതുങ്ങി
ജീവിച്ച ഒരാള്‍..
ഒരേ കാലത്ത് ജീവിച്ചിട്ടും മലയാളത്തിലെ
പല പ്രമുഖ എഴുത്തുകാരേയും അപ്പന്‍ നേരിട്ട് കണ്ടിട്ടില്ല..
ഇത് ഒരു തരം വലിഞ്ഞിരിപ്പാണ്..
ഈ വലിഞ്ഞിരിപ്പ് ചെറുപ്പം മുതല്‍ തന്നെയുണ്ടായിരുന്നു…
മാധവിക്കുട്ടി ഒരിക്കല്‍ ഫോണ്‍വിളിച്ചു
ചോദിക്കുകപോലുമുണ്ടായിട്ടുണ്ട്
ആരില്‍ നിന്നാണ് ഇങ്ങനെ
ഒളിച്ചിരിക്കുന്നതെന്ന്..?
അദ്ദേഹം എഴുതുന്നു :” ജീവിതത്തില്‍ മരണച്ചുറ്റ് എഴുത്തുകാരന് ഭാരിച്ച അനുഭവം തന്നെയാണ്.. അതിനാല്‍ എഴുതുമ്പോള്‍ മരണം തന്നെ ചിലപ്പോള്‍ വിഷാദമായും മറ്റു ചിലപ്പോള്‍ ഫലിതമായും കടന്നുവരുന്നു..”
” കാറ്റ്.. അത് തന്റെ വായനയുടെ വേഗം കൂട്ടിയിരുന്നുവെന്ന് അപ്പന്‍ മനസ്സിലാക്കിയിരുന്നു..
അതുമാത്രമല്ല കാറ്റ് ചെയ്യുന്നത്..
അത് ഏന്റെ മുഖത്തേക്കു വീശുമ്പോള്‍
ഞാന്‍ പുതിയ വഴികളില്‍ ചിന്തിച്ചു
തുടങ്ങുന്നു.. കാറ്റ് എനിക്ക് പക്ഷികളുടെ സ്വരം കൊണ്ടുവരുന്നു.. രാത്രിയില്‍ വായനമുറിയില്‍ ഇരിക്കുമ്പോള്‍
അകലെ നിന്നും അതെനിക്ക് സംഗീതം
കൊണ്ടുവരുന്നു..”
താന്‍ കണ്ട ഉത്തമരായ മനുഷ്യരെ കുറിച്ച്, എഴുത്തുകാരെ കുറിച്ച് അപ്പന്‍ കുറിക്കുന്ന ഋജുവായ വാചകങ്ങള്‍ക്കുമുണ്ട് സമാനതകളില്ലാത്ത ആ ധിഷണയുടെ അധരസിന്ദൂരം…
ജോണ്‍ എബ്രഹാമിനെ കുറിച്ച് പറയുമ്പോഴും
അപ്പന്‍ ആ പ്രതിഭയുടെ സ്വത്വത്തിലേക്ക്
നൂണ്ടിറങ്ങുന്നു…
“..ഈ ലോകം മൃദുവായ സംഗീതത്തിനുള്ളതാണെന്നു കരുതുന്നതുപോലെ മെല്ലെ നടന്നുനീങ്ങുന്ന ജോണിനെ ദുരെ നിന്നുഞാന്‍ നോക്കിനിന്നു.. അങ്ങനെ നോക്കിനിന്നപ്പോള്‍ ദൈവദൂഷണം പോലെയുള്ള ജോണിന്റെ ജീവിതരീതിക്കുള്ളില്‍ ഒരു ദൈവരക്ഷകനുണ്ടെന്ന് എനിക്കുതോന്നിപ്പോയി…”
ഒ.വി. വിജയന്റെ സംസാരം
കേട്ടിരിക്കുമ്പോള്‍…
”..പ്രതിഭാസങ്ങള്‍ക്കിടയിലൂടെ പദങ്ങള്‍ നീങ്ങുന്നു.. ഞാന്‍ ആലോചിച്ചു പോയി.. ആരാണ് നിലനില്‍ക്കുന്നത്..? സംസാരിക്കുന്നവന്‍ തന്നെ..”
ധര്‍മ്മപുരാണം ഇടിമിന്നലില്‍ പിറന്ന ദൃഢസ്വപ്‌നം പോലെയായിരുന്നു..
പ്രചണ്ഡതയെ നൃത്തം ചെയ്യിപ്പിക്കാന്‍
അറിയുന്ന എഴുത്തുകാരനായിരുന്നു
വിജയനെന്നും അദ്ദേഹം എഴുതുന്നു…
അനുഭൂതികള്‍, പുസ്തകങ്ങള്‍, എഴുത്തുകാര്‍…ഇതൊക്കെയാണ് കെ.പി. അപ്പന്റെ കുറിപ്പുകളില്‍ നിറയുന്നത്… അതല്ലാത്ത സ്വന്തം ജീവിതത്തെ കുറിച്ച് അദ്ദേഹം കാര്യമായി ഒന്നും പറയുന്നതേയില്ല… തന്റെ സൗന്ദര്യശാസ്ത്രപരമായ സന്ദേഹങ്ങളെ, അന്വേഷണങ്ങളിലെ വിഭൂതികളെ ഒക്കെ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.. മറ്റുള്ളവരുടെ സ്‌നേഹസ്വരൂപമാര്‍ന്ന ഓര്‍മ്മകളാണ് തന്റെ ജീവിതമെന്ന് അപ്പന്‍ തിരിച്ചറിയുന്നു…
തീഷ്ണമായ ചിന്താപ്രപഞ്ചങ്ങളും.. ഭാഷാസഞ്ചാരങ്ങളും.. രചനാപരിസരത്തെ ചേതോഹരമാക്കുമ്പോഴും രാജിയാകാത്ത സ്വരൂപങ്ങളെ കുറിച്ചുപോലും..
അത് അരാജകത്വത്തെ കുറിച്ചായാലും.. ജ്യാമതീയമായ കൃത്യതയോടെ എഴുതുന്നയാളാണ്
കെ.പി. അപ്പന്‍. വിമര്‍ശനം മൈന്‍ ആര്‍ട്ടാണെന്ന് വിലയിരുത്തിയ കെ.പി. അപ്പന്‍ വിമര്‍ശനവും സര്‍ഗാത്മക സാഹിത്യവും തമ്മിലുള്ള അകലം കുറയ്ക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല..
”അറുപതു വയസ്സിനുശേഷമുള്ള ജീവിതം നീട്ടിവെയ്ക്കപ്പെട്ട മരണഭയമാണ്..
ജീവിതം വെട്ടിത്തിരിയുന്നു. മറ്റെവിടേയ്‌ക്കെങ്കിലുമോ പോകാന്‍ ഒരുങ്ങുന്നു.. ഇതുകൊണ്ടു മനുഷ്യന്‍ നിരാശാഭരിതനാകുന്നില്ല.. എങ്കിലും മരണത്തിന്റെ അനുഭവം മനുഷ്യനില്‍നിന്നു വിട്ടുപോകുന്നില്ല.. അത് പേടിപ്പെടുത്തും വിധം സ്പഷ്ടമാണ്…”
ഈ പേടി ചെറുപ്പത്തില്‍ തന്നെ തനിക്കുണ്ടായിരുന്നുവെന്നും അപ്പന്‍ തിരിച്ചറിയുന്നുണ്ട്…
എഴുതാന്‍ തോന്നാത്ത കാര്യങ്ങള്‍ രാത്രിയോട് സംസാരിക്കുകയാണ് ചെയ്യുകയെന്നാണ് കെ.പി. അപ്പന്‍ പറയുന്നത്…
” രാത്രി നല്ലൊരു കേള്‍വിക്കാരനാണ്…
എന്റെ ജീവിതത്തിലെ ഏറ്റവും
നല്ല ശ്രോതാവ് രാത്രിയാണ്..
എനിക്ക് നിലാവിനേക്കാള്‍
ഇഷ്ടം രാത്രിയെയാണ്…
ജ്വര ബാധ പോലെയും രോഗ
മുര്‍ശ്ചപോലെയും തീവ്രമാകുന്ന
ആനന്ദം രാത്രി എനിക്കു തരുന്നു…”
വീടിന്റെ മുകളില്‍ നിന്നുകൊണ്ടു ഉറങ്ങുന്ന കൊല്ലം നഗരത്തെ നോക്കുന്നു..
ഇതിനേക്കാള്‍ മനോഹരമായ ദൃശ്യം ഈ നഗരത്തിന് പ്രദര്‍ശിപ്പിക്കാന്‍ ഇല്ലെന്ന് തോന്നാറുണ്ട്.. അങ്ങനെ നോക്കി കാണുമ്പോള്‍ സാഹിത്യലോകത്തിന് ഏല്‍പ്പിച്ചുകൊടുക്കാനുള്ള ഓര്‍മ്മകളിലുള്ള എന്റെ താല്പര്യവും ഇല്ലാതെയാകുന്നു..
മറ്റൊരു വിശ്രമത്തിനുള്ള മുഖവുര പോലെ ഓര്‍മ്മകളുടെ അമിതഭോഗം ഞാന്‍ വേണ്ടെന്ന് വെയ്ക്കുന്നു…
എല്ലാ ഓര്‍മ്മകളും ചലനങ്ങള്‍ ഉണ്ടാക്കുന്നില്ല.. ഉണ്ടാക്കണമെന്നുമില്ലവിസ്മരിക്കപ്പെടേണ്ട പലതും ഓര്‍ത്തുവെയ്ക്കുന്നു.. അങ്ങനെ ഓര്‍ത്തുവെയ്ക്കുന്നതെല്ലാം എഴുതാറില്ല..
എഴുതാന്‍ ആവാറുമില്ല.. ഇക്കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് കെ.പി. അപ്പന്‍ തന്റെ ആത്മകഥ അവസാനിപ്പിക്കുന്നത്..
”ആത്മകഥാപരമായ കുറിപ്പുകളില്‍ എന്തുകൊണ്ടാണ് പുസ്തകങ്ങള്‍ കടന്നുവരുന്നതെന്ന്
പലരും ചോദിച്ചു..
അത് സ്വാഭാവികമാണ്.. കാരണം, പുസ്തകങ്ങളെ കുറിച്ചുള്ള ചിന്തകളും
എന്റെ ജീവിതമാണ്…”