English हिंदी

Blog

തിരുവനന്തപുരം: കഴിഞ്ഞ 35 വർഷമായി പ്രാണവായുവിനോടൊപ്പമായിരുന്നു സദാനന്ദന്റെ ചങ്ങാത്തം. വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും ഓരോ പുലരിയും സദാനന്ദനെ ഉണർത്തിയിരുന്നത് ആശുപത്രിക്കിടക്കയിൽ ജീവനു വേണ്ടി മല്ലിടുന്ന രോഗികളെക്കുറിച്ചുള്ള ചിന്തകളും. തൈക്കാട് മേട്ടുക്കട നാരായണവിലാസത്തിൽ സദാനന്ദൻ യാത്രയായത് സഹപ്രവർത്തകരുടെ മനസിൽ ഒരു പിടി ഓർമകൾ ബാക്കി വച്ചിട്ടാണ്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രൊജക്ടർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന വേളയിൽ അവിടെ വിദ്യാർത്ഥികളായിരുന്നവർ ഇന്ന് പ്രശസ്തരായ ഡോക്ടർമാരാണ്. ക്ലാസ് മുറികളിൽ ചിത്രവിവരണങ്ങൾക്കും മറ്റും സ്ലൈഡ് പ്രൊജക്ടർ പ്രവർത്തിപ്പിച്ചിരുന്നത് സദാനന്ദനായിരുന്നു. പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കും അദ്ദേഹം അപരിചിതനല്ല. ചിലർക്ക് അദ്ദേഹം സദാനന്ദൻ അപ്പൂപ്പനാണെങ്കിൽ മറ്റു ചിലർക്ക് ഓക്സിജൻ അപ്പൂപ്പനാണ്. ജോലിയിൽ നിന്നും വിരമിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു നൽകുന്നതിലെ പ്രധാന ചുമതലക്കാരനായി സദാനന്ദൻ മാറി.

Also read:  കര്‍ഷക സമരം: കേന്ദ്രവും കര്‍ഷകരും ഇന്ന് നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു

മൂന്നരപ്പതിറ്റാണ്ടായി അദ്ദേഹം നിത്യവും മെഡിക്കൽ കോളേജിലെത്താറുണ്ട്. വെള്ള മുണ്ടും ഷർട്ടും ധരിച്ച് ആശുപത്രി വളപ്പിൽ പതിവായെത്തുന്ന അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണാത്തവർ വിരളം. വിവിധ സ്ഥലങ്ങളിൽ നിന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിക്കുന്ന ഓക്സിജൻ സിലിണ്ടറുകൾ മെഡിക്കൽ കോളേജിലെത്തിക്കുന്നതും അതിന്റെ കയറ്റിറക്ക് ഇടപാടുകൾ നടത്തുന്നതുമെല്ലാം സദാനന്ദന്റെ മേൽനോട്ടത്തിലാണ്. ആരെയും മുഷിപ്പിക്കാത്ത പ്രകൃതം അദ്ദേഹത്തിന് പ്രായഭേദമെന്യേ വലിയൊരു സുഹൃദ് വലയം സൃഷ്ടിക്കാൻ സഹായകമായി. പ്രായവും ആരോഗ്യ പ്രശ്നങ്ങളും വകവയ്ക്കാതെയാണ് അദ്ദേഹം തൈക്കാട് മേട്ടുക്കടയിലെ വീട്ടിൽ നിന്നും ആശുപത്രിയിൽ ഓക്സിജനെത്തിക്കാൻ എത്തിയിരുന്നത്. ഏറ്റെടുത്ത ദൗത്യം ജീവിതാവസാനം വരെ പരാതിക്കിട നൽകാതെ പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യത്തോടെയാണ് അദ്ദേഹം വിടവാങ്ങിയത്. വാർധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്ന സദാനന്ദൻ വെള്ളിയാഴ്ചയാണ് മരിച്ചത്. ഭാര്യ: റിട്ട അധ്യാപിക പി കൃഷ്ണമ്മ
മക്കൾ: കെ എസ് മിനി, അനി എസ് ആനന്ദ്