മസ്കത്ത് : ഒമാനിൽ നടന്ന സോക്ക് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ കിരീടം ചൂടി ആതിഥേയർ. സീബിലെ ഒമാൻ ഓട്ടമൊബീൽ അസോസിയേഷനിൽ നടന്ന ടൂർണമെന്‍റിന്‍റെ ആവേശകരമായ ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ കസാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഒമാൻ ചാമ്പ്യന്മാരായത്.നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 1-1 സമനിലയിൽ കലാശിച്ചതിനെ തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ ഒമാൻ രണ്ട് ഗോളുകൾ നേടിയപ്പോൾ കസാക്കിസ്ഥാന് ഒരു ഗോൾ മാത്രമേ നേടാനായുള്ളൂ. നേരത്തെ സെമിയിൽ റൊമാനിയയെ 4-1 ന് പരാജയപ്പെടുത്തിയാണ് ഒമാൻ ഫൈനലിൽ ഇടം നേടിയത്.
മിഡിൽ ഈസ്റ്റ് മേഖലയിൽ തന്നെ ആദ്യമായാണ് സോക്ക് ലോകകപ്പ് അരങ്ങേറുന്നത്. മത്സരങ്ങൾ വീക്ഷിക്കാൻ വൻ ജനാവലിയാണ് ഒമാൻ ഓട്ടമൊബീൽ അസോസിയേഷൻ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. ടൂർണമെന്‍റിൽ എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 11 വരെ കുടുംബ, സൗഹൃദ, വിനോദ, സാംസ്കാരിക പരിപാടികളും ഒരുക്കിയിരുന്നു.
