മസ്‌കത്ത് : ഒമാൻ ക്‌നാനായ കാത്തലിക് കോൺഗ്രസിന്‍റെ (കെസിസി) ആഭിമുഖ്യത്തിൽ ക്രിസ്മസ് സന്ദേശ യാത്രയും കരോളും സംഘടിപ്പിച്ചു. ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്, വുമൺസ് ലീഗ് എന്നീ പോഷക സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ. റൂവി പള്ളിയിൽ പ്രാർഥനയ്ക്ക് ശേഷം കെസിസി ഒമാൻ പ്രസിഡന്‍റ് ഷൈൻ തോമസ് ക്രിസ്മസ് സന്ദേശ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ചുവന്ന വസ്ത്രങ്ങൾ ധരിച്ച് വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചുകൊണ്ടുള്ള കാരൾ സംഘം ക്രിസ്മസ് രാവുകളുടെ ഓർമകൾ സമ്മാനിച്ചു. കരോൾ ഗാനങ്ങൾക്കിടയിൽ മിഠായിയും സമ്മാനങ്ങളുമായി വന്ന സാന്‍റാക്ലോസ് കുട്ടികൾക്കിടയിൽ താരമായി.
രാജ്യങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് യുദ്ധവും കൂട്ടക്കൊലയും നടത്തുന്ന ഈ സാഹചര്യത്തിൽ ക്രിസ്തു മുന്നോട്ട് വച്ച സമാധാനത്തിന്‍റെ സന്ദേശങ്ങൾ ലോക ജനതയ്ക്ക് ഒരു മാതൃകയാകട്ടെ എന്ന് സന്ദേശ പ്രഭാഷണത്തിൽ കെസിസി എംഇ ട്രഷറർ സഹീഷ് സൈമൺ പറഞ്ഞു. വൈസ് പ്രസിഡന്‍റ് സജി ചെറിയാന്‍റെ നേതൃത്വത്തിൽ തപ്പും താളവും കരോൾ ഗാനങ്ങളുമായി ആറ് ദിവസം നീണ്ടുനിന്ന ക്രിസ്തുമസ് സന്ദേശ യാത്രയിലും കരോളിലും പ്രായഭേദമെന്യേ മസ്‌കത്തിലെ ക്‌നാനായ കുടുംബാംഗങ്ങൾ പങ്കെടുത്തു.
മസ്‌കത്തിനു പുറമെ സുഹാറിലും ഈ വർഷം കെസിസി സംഘം ക്രിസ്മസ് സന്ദേശ യാത്രയുമായി എത്തിയിരുന്നു. ശൈത്യകാലത്തിലെ ചെറിയ കുളിരിൽ കൊട്ടും പാട്ടുമായി ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ സന്ദേശവുമായി വന്ന കെസിസി ഒമാൻ സംഘത്തെ സ്നേഹത്തോടെയാണ് എല്ലാ വീട്ടുകാരും വരവേറ്റത്.
അവസാന ദിവസം മുതിർന്ന കമ്മിറ്റിയംഗം മനോജ് സ്റ്റീഫന്‍റെ ഭവനത്തിൽ നടത്തിയ ക്രിസ്മസ് സന്ദേശ യാത്രയുടെയും കാരളിന്‍റെയും സമാപനത്തിൽ പ്രസിഡന്‍റ് ഷൈൻ തോമസ് ഈ വർഷത്തെ കരോൾ ഭംഗിയാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. കെസിസി ഒമാനോടൊപ്പം കെസിവൈഎൽ, കെസിഡബ്ല്യുഎ എന്നീ സംഘടനകളുടെയും ക്രിസ്മസ്-പുതുവത്സര ആശംസകൾ പ്രസിഡന്‍റുമാരായ ഫെബിൻ ജോസ്, മഞ്ജു ജിപ്‌സൺ എന്നിവർ നേർന്നു.











